Latest NewsNewsIndia

‘അവൾ മൗനത്തിലാണ്, സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി വന്ന ശേഷം പ്രതികരിക്കും’: ഹിജാബ് ഗേൾ മുസ്കാനെ കുറിച്ച് പിതാവ്

ബംഗളൂരു: ഹിജാബ് വിവാദത്തിൽ കർണാടക സർക്കാരിന്റെ നിരോധന ഉത്തരവ് അംഗീകരിച്ച, ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ‘ഹിജാബ് ഗേൾ’ മുസ്കാന്റെ പിതാവ്. തങ്ങൾക്ക് വിദ്യാഭ്യാസവും മതവും രണ്ട് കണ്ണുകൾ പോലെയാണെന്നും സമാധാനപരമായ ജീവിതം നയിക്കാൻ രണ്ടും വിശ്വാസത്തിലെടുക്കണമെന്നും മുസ്കാന്റെ പിതാവ് മുഹമ്മദ് ഹുസ്സൈൻ ഖാൻ വ്യക്തമാക്കി. വിധിയെ തുടർന്ന് മുസ്കാന്റെ പ്രതികരണമറിയാൻ എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹുസ്സൈൻ.

ഹിജാബ് വിവാദം ഉയർന്ന സമയം, കോളേജിൽ പർദ്ദയണിഞ്ഞെത്തി ‘അല്ലാഹു അക്ബർ’ വിളിച്ച മുസ്കാനെ ഏവർക്കും അറിയാം. വിധി വരുന്നതിന് മുൻപ്, ഭരണഘടനയിലും കോടതിയിലും തനിക്ക് വിശ്വാസമുണ്ടെന്നും കോടതി വിധിയെ മാനിക്കുമെന്നും മുസ്‌കാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ചൊവ്വാഴ്ച, കോടതി വിധി വന്നശേഷം പ്രതികരിക്കാൻ ഇവർ വിസമ്മതിച്ചു. മുസ്കാൻ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി വന്നശേഷമേ മാധ്യമങ്ങളോട് സംസാരിക്കുകയുള്ളുവെന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.

‘അന്നത്തെ ആ സംഭവത്തിന് ശേഷം, എന്റെ മകൾ കോളേജിൽ പോയിട്ടില്ല, മാർച്ച് 24 മുതൽ അവൾക്ക് പരീക്ഷയുള്ളതാണ്. ഞങ്ങൾ ഉടൻ തന്നെ പ്രിൻസിപ്പലിനെ കാണുകയും അടുത്ത നടപടികൾ ചർച്ച ചെയ്യുകയും ചെയ്യും. ഞങ്ങളുടെ മതനേതാക്കളെയും സന്ദർശിക്കും. വേണ്ട നിർദേശങ്ങൾ സ്വീകരിക്കും’, ഹുസ്സൈൻ വ്യക്തമാക്കി.

Also Read:സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, നിക്കാബ് പോലെ ഹിജാബും എതിർക്കപ്പെടണം: ജസ്‌ല

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരായ വിദ്യാർത്ഥിനികൾ. ഹിജാബ് ധരിക്കാതെ ഇനി കോളേജില്‍ പോകില്ലെന്ന് ഇവർ വ്യക്തമാക്കി. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഉടുപ്പി കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഇവര്‍ പറഞ്ഞു. ഖുറാനില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ലായിരുന്നെങ്കില്‍, ഹിജാബ് ധരിക്കില്ലായിരുന്നുവെന്നും സമരം ചെയ്യില്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

‘ഹിജാബ് ധരിക്കാതെ കോളേജില്‍ പഠിക്കാന്‍ പോകില്ല. നീതി ലഭിക്കും വരെ പോരാടും. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഇത് തികഞ്ഞ അനീതിയാണ്. നീതിന്യായ വ്യവസ്ഥയില്‍ വളരെ അധികം പ്രതീക്ഷയുണ്ടായിരുന്നു. മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഹിജാബ് മുസ്ലീം മതത്തിന്റെ പ്രധാനപ്പെട്ട ഒരു വശമാണ്. സ്ത്രീകള്‍ മുടിയും ശരീരഭാഗങ്ങളും മറയ്ക്കണമെന്ന് ഖുറാനില്‍ പറയുന്നുണ്ട്’, വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button