കൊച്ചി: സ്ത്രീകൾ മദ്യം വിളമ്പിയെന്ന കാരണത്താൽ ബാര്‍ ഹോട്ടലിനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. അബ്കാരി ചട്ടം, സ്ത്രീകളെ തുല്യരായി പരിഗണിക്കണം എന്ന ഇടത് സർക്കാരിന്റെ നയത്തിന് തന്നെ എതിരാണെന്ന് ജോമോൾ ജോസഫ് വ്യക്തമാക്കുന്നു. കേരളത്തിലെ അബ്‌കാരി ചട്ടം ഒക്കെ എടുത്ത് കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞുവെന്നും സ്ത്രീകൾ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ് പോരുവോ എന്നും ജോമോൾ ജോസഫ് ചോദിക്കുന്നു. ഇത്തരം നിയമങ്ങൾ ഒക്കെ പൊളിച്ചെഴുതിയിട്ട് പോരെ സ്ത്രീ സമത്വത്തെ കുറിച്ച് പ്രസംഗിക്കാൻ എന്നും ഇവർ പരിഹസിക്കുന്നു.
അതേസമയം, സ്ത്രീകളെ കൊണ്ട് മദ്യം വിളമ്പിയതിനും മദ്യത്തിന്റെ സ്‌റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാത്തതിനുമാണ് കേസെടുത്തതെന്ന് എക്‌സൈസ് വിശദീകരിക്കുന്നു. വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നും ഇതനുസരിച്ചാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി. വിദേശമദ്യ നിയമത്തിലെ റൂള്‍ 27(എ) പ്രകാരവും FL3 ലൈസന്‍സിലെ നിബന്ധനകളില്‍ കണ്ടീഷന്‍ നമ്പര്‍ 9(എ) പ്രകാരവും സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണ്.
ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
സ്ത്രീകൾ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ് പോരുവോ !! സ്ത്രീകളെ തുല്യരായി പരിഗണിക്കണം എന്നാണ് ഇടതു സർക്കാരിന്റെ നയം. എന്നാൽ സ്ത്രീകൾക്ക് പല ജോലികളും ചെയ്യാൻ പാടില്ല.. ബീവറേജസ് ഔട്ട്ലെറ്റുകളിൽ സ്ത്രീകൾ മദ്യം എടുത്തു കൊടുക്കാനും, ബില്ലടിക്കാനും ഒക്കെ നിൽക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. എന്നാൽ ബാറിലെയും ഹോട്ടലിലെയും ഒക്കെ ജോലികളിലേക്ക് സ്ത്രീകൾക്ക് അവസരങ്ങൾ കുറവാണ്. ഇന്നാണ് അതിന്റെ കാരണം മനസ്സിലായത്. കേരളത്തിലെ അബ്‌കാരി ചട്ടം അനുസരിച്ച് സ്ത്രീകളെ മദ്യം വിളമ്പുന്ന ജോലിക്കായി നിയമിക്കാൻ പാടില്ല പോലും!! കേരളത്തിലെ അബ്‌കാരി ചട്ടം ഒക്കെ എടുത്ത് കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇത്തരം നിയമങ്ങൾ ഒക്കെ ഒന്ന് പൊളിച്ചെഴുതിയിട്ട് പോരെ സ്ത്രീ സമത്വത്തെ കുറിച്ച് പ്രസംഗിക്കാൻ ?? അതിലും വലിയ കോമടിയായി തോന്നിയത് കേരളത്തിലെ ബിവറേജസ് വഴിയുള്ള കള്ള് വിപ്പന നഷ്ടത്തിലാണ് എന്നതാണ്!
Post Your Comments