
ബെയ്ജിങ്: ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. ബുധനാഴ്ച 4,00,000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിൽ പ്രതിദിനം 4,00,741 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 7,629,275 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ചൈനയിലും സ്ഥിതി മറിച്ചല്ല. അത്യന്തം അപകടകാരിയായ ‘സ്റ്റെൽത്ത് ഒമിക്രോൺ’ അതിവേഗം പടരുന്നത് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം കേസുകള്‍ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പ്രധാന നഗരങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പാൻഡെമിക്കിന്റെ ആദ്യ നാളുകൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
Also Read:കുറഞ്ഞ വിലയ്ക്ക് റഷ്യ എണ്ണ വിൽക്കുന്നത് എന്തുകൊണ്ട്?
പുതിയ വകഭേദം ഏറെ അപകടകാരിയായതിനാൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്. കോവിഡ് വ്യാപനം കൂടിയതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജിലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3000 ത്തിലധികം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. 18 പ്രവിശ്യകളിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഷാങ്ഹായിൽ സ്കൂളുകൾ അടച്ചു. ഷെൻഷെൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. യാൻചി നഗരത്തിലെ ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈനയിലെ കോവിഡ് കേസുകളിലെ കുതിപ്പ് ഷെന്‍ഷെന്‍ മുതല്‍ തീരദേശ നഗരമായ ക്വിങ്ഡാവോയും വടക്ക് സിങ്തായ് വരെയുമുള്ള നഗരങ്ങളിലെ ആളുകളെ ബാധിക്കുന്നുണ്ട്. മാർച്ച് ആദ്യ ആഴ്ച മുതലാണ് കോവിഡ് ചൈനയെ വീണ്ടും പിടിമുറുക്കിയത്.
Post Your Comments