കശ്മീർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമല്ലെന്ന ഹൈക്കോടതി വിധി നിരാശാജനകമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അക്ഷാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ, നിരവധി പേർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഹിജാബ് നിരോധനത്തെ കുറിച്ചുള്ള ഭയാനകമായ ചിന്തകളെല്ലാം ഇപ്പോൾ പ്രതിഷേധക്കാരുടെ മുഖത്തേക്ക് പതിക്കുന്ന വിധിയാണ് വന്നതെന്നായിരുന്നു ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പ്രതികരിച്ചത്.
Also Read:ഹൈക്കോടതി വിധി വേദനിപ്പിക്കുന്നു: ഹിജാബ് പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് കേരള മുസ്ലിം ജമാഅത്ത്
അതേസമയം, ഹിജാബ് വിവാദത്തിൽ ഇന്നാണ് കർണാടക ഹൈക്കോടതിയുടെ നിർണായക വിധി ഉണ്ടായത്. സ്‌കൂളുകളിൽ ഹിജാബ് വേണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും യൂണിഫോം പാലിക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന സര്‍ക്കാര്‍ വാദമാണ് കോടതി അംഗീകരിച്ചത്. നിലവിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥിനികൾ.
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. കാലങ്ങളായി ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments