
മൂന്നാര്‍: വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍, മൂന്നാര്‍ പൊലീസ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32), ഇയാളുടെ ബന്ധു മിലന്‍ (22), മുഹമ്മദ് ഷാന്‍ (20), ഡിനില്‍ (22) എന്നിവരെയാണ് സംഭവത്തിൽ എസ്‌ഐ സാഗറിന്റെ നേത്യത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സിയാദിന്റെ ബസിലാണ് ശനിയാഴ്ച മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കള്‍ ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കാൻ എത്തിയത്. വൈകുന്നേരം 6 മണിക്ക് സംഘം സമീപത്തെ ഹില്‍ടോപ്പ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ചായക്ക് ചൂടില്ലെന്ന കാരണം പറഞ്ഞാണ് സംഘത്തിലെ ആളുകളും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായത്.
വാക്കേറ്റം രൂക്ഷമായതോടെ, സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലം വിട്ടു. ഇതിൽ പ്രകോപിതരായ ഹോട്ടല്‍ ജീവനക്കാര്‍, സുഹൃത്തുക്കളുമായി ഇരുചക്രവാഹനങ്ങളില്‍ ബസിനെ പിന്തുടരുകയായിരുന്നു. യെല്ലപ്പെട്ടിയിൽ എത്തിയ ബസിനെ ബൈക്കിൽ എത്തിയ സംഘം തടഞ്ഞു നിർത്തി. വിനോദസഞ്ചാരികളെയും ബസ് ജീവനക്കാരെയും ഇവർ റോഡിലേക്ക് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ച് അവശരാക്കുകയായിരുന്നു.
Post Your Comments