ഡൽഹി: സാങ്കേതിക പിഴവ് മൂലമാണ് പാക്കിസ്ഥാനിൽ മിസൈൽ പതിച്ചതെന്ന് പാർലമെന്റിൽ വിശദീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സംഭവം ഖേദകരമാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. മാർച്ച് 9 ന് വൈകിട്ട് ഏഴ് മണിയോടെയാണ്, അബദ്ധത്തിൽ ഇന്ത്യൻ മിസൈൽ വിക്ഷേപണം ചെയ്യപ്പെട്ടത്. പതിവ് സാങ്കേതിക പരിശോധനയ്ക്കിടെ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വിശദീകരണം നൽകി.
രാജ്യത്തിന്‍റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷയ്ക്കാണ് കേന്ദ്രം മുൻഗണന നൽകുന്നത്. എന്തെങ്കിലും പോരായ്മ കണ്ടെത്തുന്ന പക്ഷം, വേണ്ട പരിഹാരങ്ങൾ ചെയ്യും. സംവിധാനങ്ങളിൽ പിഴവുകൾ ഉണ്ടായാൽ, അവ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാറുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഉന്നതതല അന്വേഷണത്തിന്‍റെ റിപ്പോർട്ട് കിട്ടിയാൽ, ഉടൻ തന്നെ തുടര്‍നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാക്കിസ്ഥാനിലെ ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ്, ഇന്ത്യയുടെ മിസൈൽ പതിച്ചത്. മിസൈലിൽ സ്ഫോടകവസ്തു ഘടിപ്പിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവം നടന്നതിന്റെ അടുത്ത ദിവസം വൈകുന്നേരമാണ്, പാക്കിസ്ഥാൻ്റെ ഇന്റർ സർവ്വീസസ് റിലേഷൻസിന്‍റെ മേജർ ജനറൽ ബാബർ ഇഫ്തിക്കാർ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണുവെന്ന് സ്ഥിരീകരിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തിയത്.
Post Your Comments