ഡൽഹി: കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം പുരോഗമിക്കുന്നു. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ സ്വീകരിക്കാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കൂടാതെ, അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഡോസും നൽകും. നേരത്തെ. ഗുരുതര രോഗങ്ങൾ ഉള്ള മുതിർന്ന പൗരൻമാർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അനുമതി ഉണ്ടായിരുന്നത്.
രാജ്യത്തെ വിവിധ ആരോഗ്യ – ശാസ്ത്ര സ്ഥാപനങ്ങളുമായി വിശദമായി ചർച്ചകൾ നടത്തിയതിന് ശേഷമാണ്, 12 – 14 പ്രായവിഭാഗത്തിൽ ഉള്ളവർക്ക്, അതായത് 2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർക്ക് കൊവിഡ് വാക്സിനേഷൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സീനേഷൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ്, വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം കടക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തെ, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീൻ എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയിരുന്നു.
Post Your Comments