മരിയുപോൾ: 18 ദിവസത്തിലേക്ക് കടന്ന, റഷ്യ – ഉക്രൈൻ യുദ്ധം തങ്ങളുടെ കൃഷിയെയും ജീവിതത്തെയും ബാധിച്ചുവെന്ന് കർഷകർ. യുദ്ധം, പാൽ ഉൽപാദനത്തെയും കാർഷിക ഉൽപാദനത്തെയും സാരമായി ബാധിച്ചുവെന്നും കൃഷിക്കാവശ്യമായ വിത്ത്, ഇന്ധനം, വളം എന്നിവയൊന്നും ലഭ്യമാകുന്നില്ലെന്നും മരിയുപോളിൽ നിന്നുള്ള കർഷകനായ പെട്രോ പറയുന്നു. യുദ്ധത്തെ തുടർന്ന് റോഡുകൾ എല്ലാം അടച്ചിരിക്കുകയാണെന്നും ആവശ്യമായ വസ്തുക്കളൊന്നും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മരിയുപോളിലെ അവസ്ഥ ഏറെ ദുഷ്കരമാണ്. 1,500-ലധികം സാധാരണക്കാരാണ് ഇവിടെ മരിച്ചുവീണത്. പലരെയും തിരിച്ചറിയാൻ പോലും സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടവരെ കൃത്യമായ രീതിയിൽ സംസ്കരിക്കാൻ ആവശ്യമായ സ്ഥലമോ സമയമോ ഇല്ലാത്തതിനാൽ, വലിയ കുഴിയെടുത്ത് മൃതദേഹങ്ങളെല്ലാം അതിൽ ഒരുമിച്ചിട്ടാണ് സംസ്കരിക്കുന്നത്. സന്നദ്ധപ്രവർത്തകരാണ് ഇതിന് മുൻകൈ എടുക്കുന്നത്.
പെട്ടന്ന് അവസാനിക്കുമെന്ന് കരുതിയ യുദ്ധം ഇത്രയും ദിവസം തുടർന്ന് പോയതിലുള്ള ദേഷ്യം റഷ്യ തീർത്തത്, നിരായുധരായ സാധാരണക്കാർ താമസിക്കുന്നിടത്തേക്ക് ഷെല്ലാക്രമണം നടത്തിയാണെന്ന് ഉക്രൈൻ ആരോപിച്ചു. മരിയുപോളിൽ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കപ്പെട്ടു. റഷ്യയുടെ ഷെല്ലാക്രമണത്തിൽ, കെട്ടിടങ്ങളും വീടുകളും ആശുപത്രികളും തെരുവുകളും തകർന്നു.
Post Your Comments