മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം. ക്രിസ്റ്റല്‍ പാലസാണ് സിറ്റിയുടെ എതിരാളികള്‍. 28 കളിയില്‍ 69 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ മൂന്ന് പോയിന്റ് ലീഡാണ് സിറ്റിക്കുള്ളത്.
അതേസമയം, ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ നാലാം ജയം. ഒസാസുനയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ഫെറാന്‍ ടോറസ് രണ്ട് ഗോള്‍ നേടി. ഒബമയാങ്, റിക്വി പ്യൂഗ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. 27 കളിയില്‍ 51 പോയിന്റുമായി ബാഴ്‌സ ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
പ്രീമിയർ ലീഗിലെ മറ്റ് മത്സരങ്ങളിൽ, ചെല്‍സിക്കും ആഴ്‌സണലിനും ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി ന്യൂകാസിലെ തോല്‍പ്പിച്ചത്. കളി തീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ കായ് ഹാവര്‍ട്‌സാണ് വിജയ ഗോള്‍ നേടിയത്. 28 കളിയില്‍ 59 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ചെല്‍സി.
Read Also:- ദിവസവും എത്ര മണിക്കൂർ ഉറങ്ങണം?
അതേസമയം, ആഴ്സണൽ എതിരില്ലാത്ത രണ്ട് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. പതിനൊന്നാം മിനിറ്റില്‍ തോമസ് പാര്‍ട്ടിയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. 59-ാം മിനിറ്റില്‍ അലസാന്ദ്രേ ലകാസറ്റെ രണ്ടാം ഗോള്‍ നേടി. ജയത്തോടെ, 51 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ആഴ്‌സണല്‍.
Post Your Comments