തിരുവനന്തപുരം: കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാൻ കഴിയില്ലെന്ന് എം കെ മുനീർ എംഎൽഎ. എന്ത് വിലകൊടുത്തും പദ്ധതിയെ എതിർക്കുമെന്നും എതിർക്കുന്നവരെ തല്ലി തോൽപിക്കാൻ കേരളം കമ്മ്യൂണിസ്റ്റ് ഗ്രാമമല്ലെന്നും എം കെ മുനീർ പറഞ്ഞു. എഎൻ ഷംസീർ എംഎൽഎ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ജീവിക്കുകയാണെന്നും എംകെ മുനീർ പരിഹസിച്ചു.
‘കേരളത്തിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ പദ്ധതി പ്രളയത്തിന് കാരണമായേക്കും. പാരിസ്ഥിതിക ആഘാതം സംഭവിക്കും. പദ്ധതിയ്ക്ക് ആവശ്യമായ നിർമ്മാണ വസ്തുക്കൾ കേരളത്തിൽ നിന്നുമാത്രം കണ്ടെത്താൻ കഴിയില്ല. വിദേശത്ത് നിന്നും കല്ലും, മണ്ണും ഇറക്കുമതി ചെയ്യേണ്ടി വരും. ആവശ്യമെങ്കിൽ പുതിയ ക്വാറികൾ ആരംഭിക്കേണ്ടി വരും. പദ്ധതി മൂലം കേരളത്തിലെ ജലാശയങ്ങൾ മലിനമാകുമെന്നും ഡിപിആറിൽ പറയുന്നു’- എംകെ മുനീർ പറഞ്ഞു.
‘സാമ്പത്തികമായും പദ്ധതി പ്രയോഗികമാവില്ല. സിൽവർ ലൈൻ കേരളത്തെ രണ്ടാക്കും. സർക്കാർ ഡിപിആർ വായിക്കണം. കെ-റെയിൽ അല്ല, കേരളമാണ് പ്രധാനം. കേരളം വേണമോ കെ റെയിൽ വേണമോ എന്നതിൽ സർക്കാരിന് തീരുമാനം എടുക്കാം. സംസ്ഥാനത്തെ വിട്ടുനൽകാൻ പൊതുസമൂഹം അനുവദിക്കില്ല ‘- എംകെ മുനീർ വ്യക്തമാക്കി.
Post Your Comments