തിരുവനന്തപുരം: ബസ് സ്റ്റാൻഡുകളിലും തിരക്കുള്ള സ്ഥലങ്ങളിലും വീണ്ടും സജീവമായി നാടോടി മോഷണസംഘം. എന്നാൽ പഴയ പോലെ മുഷിഞ്ഞ വസ്ത്രങ്ങൾക്ക് പകരം മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ പലയിടത്തും എത്തുന്നത്. കൈയിൽ മൊബൈൽ ഫോണും ഹൈടെക് ബാഗുകളുമായി ഇറങ്ങുന്ന ഇവരെ തിരിച്ചറിയാൻ പോലും കഴിയില്ല. ചെറുകുട്ടികളെ ഉൾപ്പെടെ കൂടെക്കൂട്ടിയാണ് സംഘം മോഷണത്തിനിറങ്ങുന്നത്.കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വീട്ടമ്മയുടെ പണമടങ്ങിയ പേഴ്സ് കവർന്ന രണ്ട് നാടോടി യുവതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട് സ്വദേശിനികളായ ശെൽവി(32), പ്രിയ(30) എന്നിവരെയാണ് പിടികൂടിയത്. നെടുവത്തൂർ കിള്ളൂർ സ്വദേശി റോസമ്മയുടെ പേഴ്സാണ് ഇവർ ബസിനുള്ളിൽ വച്ച് അപഹരിച്ചത്.സ്റ്റാൻഡിൽവച്ച് രണ്ട് യുവതികൾ ബസിൽനിന്ന് ഇറങ്ങിയോടുന്നത് മറ്റ് യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് പോലീസും യാത്രക്കാരും നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ബസിൽ നിന്ന് ഇരുവരെയും പിടികൂടിയത്.
ഇവർ ധരിച്ചിരിക്കുന്ന ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാറും ഉണ്ടാകും. മോഷണം കഴിഞ്ഞാലുടൻ ആളൊഴിഞ്ഞ ഭാഗത്തെത്തി മുകളിൽ ധരിച്ച ചുരിദാർ ഊരി മാറ്റും. അതോടെ വസ്ത്രത്തിന്റെ നിറം നോക്കി മോഷ്ടാവിനെ കണ്ടെത്താനുമാകില്ല. നിമിഷനേരംകൊണ്ട് മാല പൊട്ടിയ്‌ക്കാനും ബാഗിനുള്ളിലെ പേഴ്സ് എടുക്കാനുമൊക്കെ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാല പൊട്ടിയ്‌ക്കുമ്പോൾ ശരീരത്ത് സ്പർശിക്കുകപോലും ഇല്ല.
ഒന്നിലധികം പേരാണ് ഒരു ബസിൽ കയറുക. ചെറിയ കുട്ടികളും സംഘത്തിലുണ്ടാകും. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ മുപ്പതിൽപരം മാലപൊട്ടിയ്‌ക്കലും പേഴ്സ് അപഹരിച്ചതുമായ പരാതികൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ട്. . പരാതി വാങ്ങിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാറുപോലുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Post Your Comments