അബുദാബി: ആരോഗ്യ പ്രവർത്തകർക്കു സൈബർ സുരക്ഷയിൽ പരിശീലനം നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അബുദാബി. ഹെൽത്ത്‌കെയർ സൈബർ ലേണിങ് എന്ന പദ്ധതിയാണ് അബുദാബി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 58,000 പേർക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുക. കൂടുതൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ സംരക്ഷണ പ്രഫഷണലുകളെ ഐടി, സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പരിചയപ്പെടുത്തി പൊതു അപകട സാധ്യതകളെക്കുറിച്ച് ബോധവാന്മാരാക്കാനും രോഗികളുടെ സ്വകാര്യത, ആരോഗ്യ വിവരങ്ങളുടെ സുരക്ഷ എന്നിവയെ കുറിച്ച് ലോകോത്തര മാതൃകയിൽ പരിശീലനം നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സൈബർ ക്രൈം ആക്രമണങ്ങളെക്കുറിച്ച് പരിശീലനത്തിൽ വിശദീകരിച്ച് നൽകും. ഏതു ഡിജിറ്റൽ ഭീഷണികളെയും ആക്രമണങ്ങളെയും ഫലപ്രദമായും സുരക്ഷിതമായും എങ്ങനെ നേരിടണമെന്നതിനെ കുറിച്ചും പദ്ധതിയിലൂടെ പഠിപ്പിച്ച് നൽകും.
Post Your Comments