കൊച്ചി: യു.പി, ഗോവ അടക്കമുള്ള അഞ്ചിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ, കോൺഗ്രസ് ചിത്രത്തിൽ നിന്ന് തന്നെ മാഞ്ഞിരിക്കുകയാണ്. വർഷങ്ങളോളം കളം നിറഞ്ഞ് കളിച്ച കോൺഗ്രസ് പാർട്ടി ഇന്ന് നാമാവശേഷമാകുന്ന കാഴ്ചയാണ് കാണുന്നത്. കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ആശയ ദൃഢതയില്ലായ്മയും, മുന്നിൽ നിന്ന് നയിക്കാൻ ഒരു നേതാവില്ലാത്തതുമാണ് കോൺഗ്രസിന്റെ ഈ തകർച്ചയ്ക്ക് പിന്നിൽ എന്ന നിരീക്ഷണമാണ് പലരും നടത്തുന്നത്.
കഴിവുകെട്ട നേതാക്കന്മാർ ആണ് കോൺഗ്രസിലുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ആർ.ജെ സലിം ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധി വ്യക്തിപരമായി എത്ര തങ്കക്കുടം ആണെന്ന് പറഞ്ഞാലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാം പാർട്ടിയുടെ ഏറ്റവും വലിയ നേതാവെന്ന നിലയിൽ നൂറ്റിപ്പത് ശതമാനം തോൽവിയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പാർലമെന്റ് സെഷൻ പോലും അറ്റൻഡ് ചെയ്യാതെ, ഏതോ സീക്രട്ട് വിദേശ ലൊക്കേഷനിലേക്ക് മുങ്ങുന്നത് മുതൽ ഇലക്ഷൻ അടുക്കുമ്പോ കാട്ടിക്കൂട്ടുന്ന തൈരുപ്പ് വെങ്കായം വരെയുള്ള കോമാളിത്തരം, അദ്ദേഹത്തിന് ഒന്നിനുമുള്ള പാങ്ങില്ല എന്നതിന്റെ തെളിവാണെന്ന് സലിം തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
‘പിന്നെയുള്ളത്, ഇന്ദിരയുടെ മൂക്കുള്ള പ്രിയങ്ക. ഇന്ദിരാഗാന്ധി നാടക നടിയല്ലല്ലോ, അവരുടെ മുഖ സാദൃശ്യം കൊണ്ടുമാത്രം ഒരാൾക്ക് അവർക്ക് പകരം കേറി നിൽക്കാൻ. പ്രിയങ്കാ ഗാന്ധി റോബർട്ട് വാദ്രയുടെ പൊളിറ്റിക്കൽ അംബീഷന് വഴിയൊരുക്കാനുള്ള തന്ത്രപ്പാടിലാണ്. ഇനിയുള്ളത്, വർഷങ്ങളായി സെമി പൊളിറ്റിക്കലി റിട്ടയേർഡ് ആയ സോണിയ ഗാന്ധി. പിന്നെയാരാണ് ബാക്കിയുള്ളത് ? എകെ ആന്റണിയോ? അതിലും ഭേദം അവിടെ ഒരു കല്ലെടുത്തു വെക്കുന്നതാണ്. അപ്പോപ്പിന്നെ, നാഥനില്ലാക്കളരിയായ ഒരു പാർട്ടിയെ കൊണ്ട് എന്ത് സാധിക്കുമെന്നാണ് നിങ്ങളൊക്കെ കരുതുന്നത്?’, ആർ ജെ സലിം ചോദിക്കുന്നു.
ആർ.ജെ സലിമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോൺഗ്രസ് ഇല്ലാതായാൽ മാത്രമാണ് ബിജെപിക്ക് ഒരു ശരിയായ മതേതര ബദൽ ഉയർന്നു വരുള്ളൂ എന്ന് പറയുന്നത് എന്തുകൊണ്ടാണ് ? എന്തുകൊണ്ട് കോൺഗ്രസ് നശിക്കണമെന്ന് വാശി പിടിക്കുന്നു ? കോൺഗ്രസ് എന്ന പാർട്ടിയോട് യാതൊരുവിധ വ്യക്തിഗത വാശിയുമില്ല എന്ന് മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തെ അങ്ങനെ വ്യക്തിനിഷ്ഠമായ വിലയിരുത്തലിലേക്ക് ചുരുക്കുന്നത് അബദ്ധവുമാണ്. ഉത്തരം എണ്ണിയെണ്ണി പറയാം –
1. കോൺഗ്രസ് എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ആശയ ദൃഢതയില്ലായ്മ –
കോൺഗ്രസ് ഒരുകാലത്തും അതിനുള്ളിൽ തന്നെ ഒരു ബൈൻഡിങ് ഐഡിയോളജി ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമേയല്ല. അതൊരു ആൾക്കൂട്ടമാണ്. ആൾക്കൂട്ടങ്ങൾക്ക് യാതൊരു വിധ മോറൽ – എത്തിക്കൽ – പൊളിറ്റിക്കൽ കോഡുകളും കാണില്ല. അത് വളരെ റാൻഡം ആയി കൂടിച്ചേരുന്ന, അന്നന്നത്തെ ബലാബലങ്ങൾ നയങ്ങൾ തീരുമാനിക്കുന്ന ഒരു ഗുസ്തി സംഘമാണ്. അതിനപ്പുറത്തേക്ക് ഒരു കോമൺ ഗോളും, ഒരു കോമൺ വിഷനും ഈ സംഘടനയിലെ അംഗങ്ങൾക്കില്ല. ഇത്രയും കാലം ഈ കോമൺ ഗോൾ അധികാരം നേടുക എന്ന ഒരൊറ്റ പരിപാടിയായിരുന്നു. അതിലൂടെ അഴിമതിയും മോഷണവും വഴി അവനവന്റെ കീശ വീർപ്പിക്കലും. അധികാരം അവർ ആഗ്രഹിച്ചിരുന്നത് ധനസമ്പാദനത്തിനായിരുന്നു. അധികാരക്കൊതിയെങ്കിലും ഉണ്ടായിരുന്നു എങ്കിൽ കോൺഗ്രസിന് ഇന്നത്തെ അവസ്ഥ വരില്ലായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയൊരു വിൽ റ്റു പവർ പോലും അവർക്കില്ല. അവിടെയാണ് ബിജെപി കൃത്യമായി കളമറിഞ്ഞു കളിച്ചത്. ആശയ ദൃഢതയില്ലാത്തവരെ വിലയ്‌ക്കെടുക്കുക എന്ന സിംപിൾ തന്ത്രം പയറ്റി. അങ്ങനെ അധികാരം പോലും ഇല്ലാതെ കോൺഗ്രസുകാർക്ക് ധനികരാവാൻ സാധിക്കും എന്നായപ്പോൾ അവർ അടപടലം പാർട്ടി മാറി. ത്രിപുര, അരുണാചൽ പ്രദേശ്, ഗോവ എന്നിവിടങ്ങളിൽ സംഭവിച്ചത് ഇതാണ്. ആൾക്കൂട്ടങ്ങൾക്ക് ആദർശമുണ്ടാകുമെന്ന് ധരിക്കുന്നവരാണ് ബുദ്ധിശൂന്യർ. അവർക്ക് ഒരു ആദർശത്തോടോ വ്യക്തിയോടോ സംഘടനയോടോ യാതൊരു വിധ കമ്മിറ്റ്‌മെന്റുമില്ല കൂറുമില്ല. ഇനി നാളെ ബിജെപിയേക്കാൾ കാശു കൊടുക്കാമെന്ന് പറഞ്ഞാൽ അവർ ബിജെപിയും വിടും. തൽക്കാലം അങ്ങനെയൊരു പാർട്ടി ഇല്ലാത്തതുകൊണ്ട് അവർ ബിജെപിയിൽ തുടരുന്നു എന്നേയുള്ളൂ.
2. ജനകീയ പ്രക്ഷോഭങ്ങളെ ഉയർന്നു വരുന്നതിൽ നിന്ന് തടയുന്നത്.
കോൺഗ്രസ് എപ്പോഴാണ് അവസാനമായി ഒരു മാസ് മൂവ്‌മെന്റ് നയിച്ചത് എന്നോർമ്മയുണ്ടോ ? കർഷക പ്രക്ഷോഭം അതിന്റെ രണ്ടാം ഘട്ടത്തിലെത്തിയപ്പോഴാണ് രാഹുൽ ഉറക്കം വിട്ടുണർന്നത്. പ്രിയങ്ക തൊപ്പിയും വെച്ചിറങ്ങിയത്. ആളായിട്ടോ അർത്ഥമായിട്ടോ ഇവർക്ക് ഒരുവിധ പ്രക്ഷോഭങ്ങളും നയിക്കാനുള്ള കെൽപ് ഇന്നില്ല. എന്നാൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടിയാണ് താനും കോൺഗ്രസ്. എന്തൊരു വിരോധാഭാസമാണ് ! അതായത് ജനങ്ങളുടെ നിരാശയെ, ക്ഷോഭത്തെ, പ്രതീക്ഷയെ ഫലപ്രദമായി ചാനലൈസ് ചെയ്യേണ്ട ഒരു സ്ഥാനത്തിരിക്കുകയും അതൊന്നും കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുന്നതിനോളം ക്രൈം വേറെന്തുണ്ട് ? ഏതെങ്കിലുമൊരു പ്രതിഷേധത്തിന് മീഡിയ അറ്റൻഷൻ കിട്ടിയിട്ടല്ലാതെ ഇവർ അതിലേക്ക് നൂലിൽ കെട്ടിയിറങ്ങില്ല.
അങ്ങനെയല്ല ഒരു പൊളിറ്റിക്കൽ മൊബിലൈസേഷൻ നടക്കേണ്ടത്. അതിനു വീട് വീടാന്തരം കേറിയിറങ്ങി അവരെ ഒരു കുടക്കീഴിൽ കൊണ്ട് വരണം, അവരുടെ പ്രശ്നങ്ങൾ പൊതു പ്രശ്നങ്ങളാണ് എന്നും അതിന് ഉത്തരവാദി നിലനിൽക്കുന്ന ഹിന്ദുത്വ രാഷ്ട്രീയമാണെന്നും അവരെ ധരിപ്പിക്കണം, അവരുടെ ശക്തി അവർ വിചാരിക്കുന്നതിലും വലുതാണെന്ന് ബോധ്യപ്പെടുത്തണം, സംഘടിപ്പിക്കണം, ഒരുമിച്ചു നിർത്തണം. ഒറ്റവാക്കിൽ പറഞ്ഞാൽ ജനങ്ങളെ പൊളിട്ടിസൈസ് ചെയ്യണം. അതിന് പണിയുണ്ട്. ഖദറിൽ ചെളി പറ്റും. അതുകൊണ്ട് തന്നെ ഒരൊറ്റ കോൺഗ്രസുകാരനും അതിനിറങ്ങില്ല. അപ്പോൾ ഒന്നിന് പുറകെ ഒന്നായി എല്ലാ ജന നിരാശയും ഉപയോഗിക്കാത്ത അവസരങ്ങൾ പോലെ നശിച്ചുപോവുകയും ചെയ്യും.
3. കഴിവുകെട്ട നേതാക്കന്മാർ
രാഹുൽ ഗാന്ധി വ്യക്തിപരമായി എത്ര തങ്കക്കുടം ആണെന്ന് പറഞ്ഞാലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാം പാർട്ടിയുടെ ഏറ്റവും വലിയ നേതാവെന്ന നിലയിൽ നൂറ്റിപ്പത് ശതമാനം തോൽവിയാണു. നെഹ്‌റു കുടുംബത്തിൽ ജനിച്ചുപോയി എന്നൊരു തെറ്റിന് ആ പാവത്തിനെക്കൊണ്ട് എത്ര നാളായി കല്ലെടുപ്പിക്കുന്നു ? അയാൾക്ക് അതിനുള്ള പാങ്ങില്ല എന്ന് എത്രവട്ടം പുള്ളി തന്നെ അയാളുടെ പ്രവർത്തി കൊണ്ട് തെളിയിച്ചിരിക്കുന്നു. പാർലമെന്റ് സെഷൻ പോലും അറ്റൻഡ് ചെയ്യാതെ ഏതോ സീക്രട്ട് വിദേശ ലൊക്കേഷനിലേക്ക് മുങ്ങുന്നത് മുതൽ ഇലക്ഷൻ അടുക്കുമ്പോ കാട്ടിക്കൂട്ടുന്ന തൈരുപ്പ് വെങ്കായം വരെയുള്ള കോമാളിത്തരം അതിന് തെളിവാണ്. ഈ ഗിമ്മിക് പൊളിറ്റിക്സിന്റെ കാലം രാജീവ് ഗാന്ധിയോടെ കഴിഞ്ഞു എന്ന് ആ പാവത്തിന് അറിയില്ല.
ഇന്ന് പാള തൊപ്പിയും വെച്ച് കുടിലിന്റെ സെറ്റിട്ടു പാവങ്ങളുടെ കൂടെയിരുന്ന് ചോറുണ്ടാൽ അത് നാടകമാണെന്ന് ഏത് സാധാരണക്കാരനും മനസ്സിലാവും. പിന്നെയുള്ളത് ഇന്ദിരയുടെ മൂക്കുള്ള പ്രിയങ്ക. ഇന്ദിരാഗാന്ധി നാടക നടിയല്ലല്ലോ, അവരുടെ മുഖ സാദൃശ്യം കൊണ്ടുമാത്രം ഒരാൾക്ക് അവർക്ക് പകരം കേറി നിൽക്കാൻ. പ്രിയങ്കാ ഗാന്ധി റോബർട്ട് വാദ്രയുടെ പൊളിറ്റിക്കൽ അംബീഷന് വഴിയൊരുക്കാനുള്ള തത്രപ്പാടിലാണ്.
പിന്നെ വർഷങ്ങളായി സെമി പൊളിറ്റിക്കലി റിട്ടയേർഡ് ആയ സോണിയ ഗാന്ധി. പിന്നെയാരാണ് ബാക്കിയുള്ളത് ? എകെ ആന്റണിയോ ? അതിലും ഭേദം അവിടെ ഒരു കല്ലെടുത്തു വെക്കുന്നതാണ്. പിന്നെയുള്ളത് ഒരു ശശി തരൂരാണ്. പുള്ളിക്ക് കഴിവുണ്ട്, കോൺഗ്രസിലെ ഇന്നത്തെ നിലയ്ക്ക് ടോപ്പാണ്. പക്ഷെ അദ്ദേഹത്തിനും സേഫ് ഗെയിമിനല്ലാതെ മറ്റൊന്നിനും താൽപ്പര്യമില്ലാത്ത മട്ടാണ്. അപ്പോപ്പിന്നെ നാഥനില്ലാക്കളരിയായ ഒരു പാർട്ടിയെക്കൊണ്ട് എന്ത് സാധിക്കുമെന്നാണ് നിങ്ങളൊക്കെ കരുതുന്നത് ?
4. ലക്ഷ്യബോധമില്ലാത്ത അണികൾ
കഴിവുകെട്ട നേതാക്കന്മാർ ഉണ്ടായാൽ അതിന്റെ അടുത്തപടി, ലക്ഷ്യബോധമില്ലാത്ത അണികൾ ഉണ്ടാവുന്നതാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നതിനു ആറു മാസം മുൻപ് മാത്രം കുത്തിത്തിരുപ്പ് ഉണ്ടാക്കാനിറങ്ങുന്ന നേതാക്കന്മാർക്ക് സത്യം പറഞ്ഞാൽ അത്തരം അണികൾ തന്നെയാണ് വേണ്ടതും. കുറച്ചെങ്കിലും രാഷ്ട്രീയ സത്യസന്ധതയും മോറൽ കോഡുമുള്ള ഒരാൾക്ക് കോൺഗ്രസിൽ ഈ കഴിവുകേടും സഹിച്ചു തുടരാനാവില്ല. ബാക്കിയാവുന്നത് ഇത്തരം ചിതറിക്കിടക്കുന്ന മെമ്പർമാരാണ്. അത് കോൺഗ്രസ് പോലും സമ്മതിക്കുന്ന കാര്യമാണ് എന്നതാണ് അവർ സെമി കേഡറിലേക്ക് മാറും എന്ന് അവർ തന്നെ പറഞ്ഞത്. പക്ഷെ കേഡർഷിപ് വേറെ പരിപാടിയാണ് ബ്രോ. അതിന് ഏറ്റവും അടിത്തട്ടിൽ ഒരു ഐഡിയോളജി വേണം. ഒരു കോഡ് വേണം. അതില്ലാതെയുള്ള കേഡർഷിപ് ഗുണ്ടാ സംഘമാണ്.
5. മൃദു ഹിന്ദുത്വ സമീപനം
ബിജെപിക്ക് ഹിന്ദുത്വയുടെ മാർക്കറ്റ് ഇന്ത്യൻ രാഷ്ട്രീയത്തിൽ മനസ്സിലാക്കികൊടുത്തത് തന്നെ കോൺഗ്രസാണ്. അവർ ഭരിച്ച അറുപതു വർഷവും അവരുടെ സമീപനം അത് തന്നെയായിരുന്നു. ബിജെപിക്ക് നാടകം തുടങ്ങാനുള്ള തട്ടൊരുക്കിയത് അവരാണ്. അങ്ങനെയാണ് അവർക്ക് തന്നെ പ്രസക്തി ഇല്ലാതായത്. പിന്നെ ജനുസ്സിലെ ഉള്ള പൊളിറ്റിക്കൽ ഐഡിയോളജി ഇല്ലായ്മ കൂടി ആയപ്പോൾ ഉളുപ്പും ഇല്ലാതായി. അതാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാവിയും പുതച്ചു കുറിയുമിട്ട് പൂണൂലും ധരിച്ചു രാഹുലും പ്രിയങ്കയും ഇറങ്ങുന്നത്. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്ന് പറയുന്നത്. മൃദു ഹിന്ദുത്വപോലെ ബിജെപിയെ സഹായിക്കുന്നൊരു പരിപാടിയില്ല.
6. ജനങ്ങൾക്കുള്ള വിശ്വാസമില്ലായ്മ
ഇനി ആരുടേയും പിന്തുണയില്ലാതെ ജനങ്ങൾ സ്വയം സംഘടിച്ചു തന്നെ ബിജെപിയെ തുരത്താൻ തീരുമാനിച്ചു എന്ന് കരുതുക. അങ്ങനെ അവർ കോൺഗ്രസിന് വോട്ട് ചെയ്തു എന്ന് കരുതുക. എന്താവും സംഭവിക്കുക ? ബിജെപി ഈസിയായി അവരെ പർച്ചേസ് ചെയ്യും – പുതുച്ചേരി പോലെ, ഗോവ പോലെ, അരുണാചൽ പ്രദേശ് പോലെ. ഏതെങ്കിലുമൊരു ചെറിയ പാർട്ടിയായിരുന്നു കോൺഗ്രസ് എങ്കിൽ അതിനു കുഴപ്പമില്ലായിരുന്നു. പക്ഷെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാം പാർട്ടി അങ്ങനെ ജനവിശ്വാസമില്ലാതെ അധഃപതിക്കുമ്പോ അതുണ്ടാക്കുന്ന പൊളിറ്റിക്കൽ വാക്യൂം ഭീകരമാണ്. അതാണ് കോൺഗ്രസ് ഇല്ലാതാവണമെന്നു പറയുന്നത്, സൊ ദാറ്റ് മറ്റ് അർഹതപ്പെട്ട രാഷ്ട്രീയ ബദലിന് ആ സ്ഥാനമേറ്റെടുക്കാൻ. ഇത് ചാവുകയുമില്ല കട്ടിലൊഴിയുമില്ല എന്ന ഗതികെട്ട അവസ്ഥയിലാണ് ഇന്ത്യൻ രാഷ്ട്രീയം ഇത് കോൺഗ്രസിനെ കോൺഗ്രസിന്റെ നിലയിൽ മാത്രം വിമർശനം നടത്തിയതല്ല. അതിന് ആയിരം കുറ്റങ്ങൾ വേറെയുമുണ്ട്. ഇത് എന്തുകൊണ്ട് ഇന്ത്യയുടെ മതേതര ബദലിനായി കോൺഗ്രസ് അയോഗ്യരാണെന്നും അവർ ഇല്ലാതാവേണ്ടതിന്റെ പ്രസക്തിയുമാണ് പറഞ്ഞത്. എന്നെ തെറി വിളിക്കാൻ നിൽക്കാതെ മറുപടിയുണ്ടെങ്കിൽ പറയാം.
Post Your Comments