ഡൽഹി : പഞ്ചാബിൽ ആം ആദ്മി പാർട്ടി വിജയിക്കാൻ കാരണം ഖാലിസ്ഥാനി സംഘടനകളുടെ പിന്തുണയാണെന്ന് അവകാശപ്പെട്ട് സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. പ്രത്യുപകാരമായി സ്വതന്ത്ര ഖാലിസ്ഥാൻ റഫറണ്ടത്തിൽ വോട്ടെടുപ്പ് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന എഎപി നേതൃത്വത്തിന് കത്തയച്ചു.
കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലുളള ഖാലിസ്ഥാൻ അനുകൂല സിഖുകാരുടെ ഫണ്ടിംഗ് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ എഎപി പ്രചാരണം നടത്തിയതെന്നും പഞ്ചാബിൽ വിജയിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു.
പഞ്ചാബിൽ ആം ആദ്മി വിജയം നേടിയത് ഖാലിസ്ഥാനി സംഘടനകളുടെ പിന്തുണയുണ്ടെന്ന് പറഞ്ഞു പരത്തിയാണെന്ന് നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നിനെഴുതിയ തുറന്ന കത്തിൽ പന്നു ചൂണ്ടിക്കാണിക്കുന്നു. അധികാരത്തിലെത്തിയാൽ ഖാലിസ്ഥാൻ റഫറണ്ടത്തിൽ വോട്ടെടുപ്പ് നടത്താൻ സാഹചര്യമൊരുക്കുമെന്ന് ആം ആദ്മി വക്താവ് രാഘവ് ഛദ്ദ ഉറപ്പ് നൽകിയതായും കത്തിൽ പറയുന്നു.
സിഖുകാരും ഇന്ത്യയും തമ്മിലുളള പ്രശ്‌നമാണ് ഖാലിസ്ഥാൻ വിഷയമെന്നും പഞ്ചാബും ഇന്ത്യയുമായുളള ബന്ധം തീരുമാനിക്കുന്ന റഫറണ്ടത്തിൽ വോട്ടെടുപ്പിന് അനുവദിക്കണമെന്നും ഗുർപത്വന്ത് സിംഗ് പന്നു ആവശ്യപ്പെട്ടു.
Post Your Comments