മസ്‌കത്ത്: പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങാൻ അനുമതി നൽകി ഒമാൻ. വിദേശ നിക്ഷേപകർക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവ് ഒമാൻ പുറത്തിറക്കി. ഒമാൻ ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഒമാനിലെ സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ് ത്വരിതപ്പെടുത്തുക, റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഒമാൻ പുതിയ നടപടി സ്വീകരിച്ചത്. ഒമാനിലെ റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ വലിയ പുരോഗതി കൊണ്ടുവരാൻ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് ലക്ഷം റിയാലിൽ കുറയാത്തതായ മൂല്യമുള്ള ഒന്നോ, അതിലധികമോ കെട്ടിടങ്ങൾ വാങ്ങിയതായി തെളിയിക്കുന്ന വിദേശ നിക്ഷേപകർക്ക് ഈ പദ്ധതിയുടെ കീഴിൽ ഫസ്റ്റ് ക്ലാസ് റെസിഡൻസി കാർഡ് നേടാമെന്ന് അധികൃതർ അറിയിച്ചു. ഇത്തരക്കാർക്ക് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി റിയൽ എസ്റ്റേറ്റ് രജിസ്ട്രി സെക്രട്ടേറിയറ്റിൽ അപേക്ഷിക്കാവുന്നതാണ്. രണ്ടര ലക്ഷം റിയാലിൽ കൂടാത്തതുമായ മൂല്യമുള്ള ഒന്നോ, അതിലധികമോ കെട്ടിടങ്ങൾ സ്വന്തമാക്കുന്ന വിദേശികൾക്ക് സെക്കന്റ് ക്ലാസ് റെസിഡൻസി കാർഡ് നേടുന്നതിന് അപേക്ഷ നൽകാം.
അതേസമയം, ഈ പദ്ധതിയ്ക്ക് കീഴിൽ വിദേശികൾക്ക് മുസന്ദം, ബുറൈമി, ദഹിറാഹ്, വുസ്ത ഗവർണറേറ്റുകളിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകിയിട്ടില്ല. ദോഫാർ മേഖലയിൽ സലാല വിലായത് ഒഴികെയുള്ള ഇടങ്ങളിലും അനുമതി നൽകിയിട്ടില്ല. ലിവ, ഷിനാസ്, മാസിറാഹ് എന്നീ വിലായത്തുകൾ, ജബൽ അൽ അഖ്ദാർ, അൽ ജബൽ ഷംസ് തുടങ്ങിയ മലനിരകൾ, സുരക്ഷാ, സൈനിക കാരണങ്ങളാൽ പ്രാധാന്യമുള്ള മറ്റിടങ്ങൾ, പുരാവസ്തു പ്രാധാന്യമുള്ള ഇടങ്ങൾ എന്നിവിടങ്ങളിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി ഉണ്ടായിരിക്കില്ല.
Post Your Comments