കണ്ണൂർ: പ്രാദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും പുറത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചർച്ച ചെയ്‌തോ എന്ന കാര്യത്തിൽ സംശയമാണ്. വർഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേൽ എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരൻ പ്രതികരിച്ചു.
ഇത് അപകടകരമായ പ്രവണതയാണ്. അധികാരവും പണവും തിരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. ദളിതർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ അതിക്രമങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതസ്പർദ്ദ വളർത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ യുപി തിരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments