ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം വന്നപ്പോൾ തന്നെ കോൺഗ്രസിന്റെ കാര്യം തീരുമാനമായതാണ്. എക്സിറ്റ് പോൾ ഫലത്തെ, എപ്പോഴും കണ്ണടച്ച് വിശ്വസിക്കേണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അണികളെ ആശ്വസിപ്പിച്ചു. എന്നാൽ, ഇന്ന് പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ നെഞ്ച് തകരുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് തന്നെ കോൺഗ്രസിനെ തുടച്ചു നീക്കി ബി.ജെ.പി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. നിലവിലെ സാഹചര്യത്തിൽ, കോൺഗ്രസിന്റെ അവസ്ഥ വ്യക്തമാക്കുന്ന രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബി.ജെ.പിയെ പരിഹസിച്ച് കൊണ്ട് ‘എല്ലാം തീർന്നു, അവസാനിച്ചു. ടാറ്റ ബൈ ബൈ. ഗുഡ്ബൈ’ പറയുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ രാഷ്ട്രീയ വിമർശകരും ട്രോളര്മാരും ഏറ്റെടുത്തു കഴിഞ്ഞു. കോൺഗ്രസിന് ചേരുന്ന വീഡിയോ എന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. ഇനി ഒരു തിരിച്ച് വരവില്ല എന്ന സത്യം കോൺഗ്രസ് മനസിലാക്കി കഴിഞ്ഞെന്ന് വേണം കരുതാൻ. നാശത്തിൽ നിന്നും തിരിച്ചുവരാനായി ഇനിയൊരു ബാല്യം കോൺഗ്രസിന് ബാക്കിയില്ല. പഞ്ചാബ് പോലും കൈവിട്ട അവസ്ഥയാണ്.
Also Read:മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്ക്, കോൺഗ്രസ് ഒരു എതിരാളിയെ അല്ല. വോട്ടെണ്ണി തുടങ്ങിയത് മുതൽ അത് വ്യക്തവുമാണ്. പഞ്ചാബും കോൺഗ്രസിനെ കൈവിട്ടിരിക്കുന്നു. പഞ്ചാബിൽ കോൺഗ്രസിന് ആകെയുണ്ടായിരുന്ന സിറ്റിംഗ് സീറ്റുകളിൽ, 79 ലും ഭൂരിപക്ഷം നിലനിർത്തി ആംആദ്മി പാർട്ടി മുന്നേറുകയാണ്. പഞ്ചാബിലെ ജനങ്ങളുടെ ഭരണപക്ഷത്തോടുള്ള അനിഷ്ടമാണ് ഇതോടെ പുറത്തു വരുന്നത്. കർഷക സമരവും, തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും കോൺഗ്രസിനോട് മുഖം തിരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. കർഷകരുടെ രക്ഷകർ തങ്ങളാണെന്ന് രാഹുൽ ഗാന്ധി അടക്കമുള്ളവർ ഘോരം പ്രസംഗിച്ചെങ്കിലും, ജനങ്ങൾ കേട്ട ഭാവം നടിച്ചില്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്.
കോൺഗ്രസിന് പഞ്ചാബ് കൂടെ, നഷ്ടമാകുന്നതോടെ ഇന്ത്യയിൽ നിന്ന് വംശനാശം സംഭവിക്കാൻ പോകുന്ന ഒരു പാർട്ടിയായി കോൺഗ്രസ് മാറുമെന്നും രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നു. കനൽ ഒരു തരിപോലും ഇല്ലല്ലോ എന്നോർത്ത് നേതാക്കൾക്കും അണികൾക്കും ഇനി വിഷാദ കണ്ണീർ വാർക്കാം എന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.
Post Your Comments