ദോഹ: രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി മാർച്ച് 31-ന് അവസാനിക്കുമെന്ന് ഖത്തർ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തേക്കുള്ള പ്രവാസികളുടെ എൻട്രി, എക്സിറ്റ് എന്നിവ സംബന്ധിച്ച ’21/2015′ എന്ന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുള്ള പ്രവാസികൾ ഈ പൊതുമാപ്പ് കാലയളവിനുള്ളിൽ ഇത്തരം ലംഘനങ്ങൾ ഒത്തുതീർപ്പാക്കണമെന്ന് ഖത്തർ നിർദ്ദേശിച്ചു.
രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് ഈ കാലാവധി പ്രയോജനപ്പെടുത്താം. 2021 ഒക്ടോബർ 10 മുതലാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 28476 അപേക്ഷകൾ പദ്ധതിയുടെ കീഴിൽ ലഭിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, ഖത്തറിൽ നിന്ന് നിയമപരമായി രാജ്യം വിടുന്നതിന് ആഗ്രഹിക്കുന്ന പ്രവാസികൾക്ക്, ഇത്തരം പെർമിറ്റുകൾ അനുവദിച്ച തീയതി മുതൽ പത്ത് ദിവസത്തിനുള്ളിൽ ഖത്തറിൽ നിന്ന് മടങ്ങിയിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: ഉക്രൈനിൽ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർഥിനി: വൈറൽ വീഡിയോ
Post Your Comments