കൊച്ചി: ഒന്നരവയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മക്കളെ നോക്കാത്തത് കൊണ്ട് ഭർത്താവിന് പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുന്നെന്ന് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്സി. ഇതിന്റെ പേരിൽ ഭർത്താവിനും അമ്മായി അമ്മയ്ക്കും ദേഷ്യമുണ്ടായിരുന്നു. കൂടാതെ, അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു.
നേരത്തെ, കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതിയിൽ തങ്ങൾ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിൻ്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗൾഫിൽ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയിൽ നിന്ന് ഫോണിൽ അറിയിച്ചതെന്നും മേഴ്സി ഒരു ചാനലിനോട് പറഞ്ഞു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ, അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.
കലൂരിലെ ഹോട്ടലിൽ വെച്ച് കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്റെ മക്കളാണ് കൂടെയുണ്ടായിരുന്നത്.
തിങ്കളാഴ്ച രാത്രിയിൽ കുട്ടികളും യുവാവും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മുത്തശ്ശി പുറത്തായിരുന്നു. പുലർച്ചെ ഒരു മണിയോടെ, ഈ സ്ത്രീ ഹോട്ടൽ മുറിയിലേക്ക് എത്തുകയും പിന്നാലെ രണ്ട് കുഞ്ഞുങ്ങളുമായി ഹോട്ടൽ റിസപ്ഷനിലേക്ക് എത്തുകയുമായിരുന്നു. കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി ഇവർ പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
കുപ്പിപ്പാൽ കുടിച്ച് ഛർദ്ദിച്ച കുഞ്ഞ് അബോധാവസ്ഥയിലായെന്നാണ് സിപ്സി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ, സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി സിപ്സിയുടെ മൊഴി രേഖപ്പെടുത്തുകയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി മോർച്ചറിയിലക്ക് മാറ്റുകയും ചെയ്തു.
പോസ്റ്റുമോർട്ടം പരിശോധനയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ പൊലീസ് യുവാവിനെ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സിപ്സിയെ പോലീസ് വിട്ടയച്ചിട്ടുണ്ട്. വേണ്ടി വന്നാൽ, കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
Post Your Comments