പനാജി: ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ റിസോർട്ടിൽ ഒത്തുകൂടിയത് പിറന്നാൾ ആഘോഷത്തിനാണെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ദിഗംബർ കാമത്ത് പറഞ്ഞു. നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും റിസോർട്ടിൽ എത്തിയത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദിഗംബർ കാമത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഗോവയിൽ പാർട്ടിക്ക് കൂറുമാറ്റ ഭീഷണിയില്ല. എക്സിറ്റ് പോൾ ഫലങ്ങൾ ഞങ്ങൾ വിശ്വസിക്കുന്നില്ല. കോൺഗ്രസ് വിജയിച്ച് അധികാരത്തിലെത്തും. സഖ്യ ചർച്ചകൾ തുടരുകയാണ്. കേവല ഭൂരിപക്ഷം കിട്ടാതിരുന്നാൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തും. തൃണമൂലും എ.എ.പിയുമായും എല്ലാം നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ട്’ ദിഗംബർ കാമത്ത് വ്യക്തമാക്കി.
ഗോവയിൽ കോൺഗ്രസ് തങ്ങളുടെ 38 സ്ഥാനാർത്ഥികളെയും റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി തങ്ങളുടെ സ്ഥാനാർത്ഥികളെ പള്ളികളിലും അമ്പലങ്ങളിലും എത്തിച്ച്, കൂറുമാറില്ലെന്ന് പ്രതിജ്ഞ ചെയ്യിച്ചിരുന്നു. എക്സിറ്റ് പോൾ ഗോവയിൽ തൂക്ക് സഭ പ്രവചിച്ചതിന് പിന്നാലെയാണ്, സ്ഥാനാർത്ഥികളെ ഒന്നടങ്കം പാർട്ടി ബാംബോളിം റിസോർട്ടിലേക്ക് മാറ്റിയത്. അതേസമയം, കോൺഗ്രസിന്റെ റിസോർട്ട് രാഷ്ട്രീയം നാണംകെട്ടതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പരിഹസിച്ചു.
Post Your Comments