Latest NewsKeralaNews

കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോൾ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രാവിലെ 11.45 ന് ദീപമോൾക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറും. നിലവിൽ രാജ്യത്ത് ട്രാവലർ ആംബുലൻസുകൾ ഓടിക്കുന്ന ചുരുക്കം വനിതകൾ മാത്രമാണുള്ളത്. ദീപമോളെ പോലുള്ളവർ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകൾക്ക് കരുത്ത് പകരുന്നതാണെന്ന് വീണാ ജോർജ് അറിയിച്ചു.

Read Also: മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം വെള്ളരിക്ക ഫേസ് പാക്കുകൾ

ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോൾ കനിവ് 108 ആംബുലൻസസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലൻസ് ഡ്രൈവർ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോൾക്ക് അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു. യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ൽ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പ്രേരിപ്പിച്ചത്. ഭർത്താവ് മോഹനന്റെ പിന്തുണയോടെ 2009ൽ ദീപമോൾ വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഹെവി ലൈസൻസും കരസ്ഥമാക്കി. ഭർത്താവിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഡ്രൈവിങ് മേഖല തുടർന്ന് ഉപജീവന മാർഗമാക്കാൻ ദീപമോൾ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂൾ അധ്യാപികയായും, ടിപ്പർ ലോറി ഡ്രൈവറായും, ടാക്സി ഡ്രൈവറായുമൊക്കെ ദീപമോൾ ജോലി ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

2021 ൽ തന്റെ കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോൾ സഫലീകരിച്ചു. ഭർത്താവ് മോഹനന്റെയും വിദ്യാർത്ഥിയായ ഏക മകൻ ദീപകിന്റെയും പിന്തുണയിൽ 16 ദിവസം കൊണ്ടാണ് ദീപമോൾ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കിൽ സഞ്ചരിച്ച് എത്തിയത്. കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡ്രൈവിങ് ടെസ്റ്റ് ഉൾപ്പടെയുള്ള നടപടികളും പരിശീലനവും പൂർത്തിയാക്കിയാണ് ദീപമോൾ വനിതാ ദിനത്തിൽ 108 ആംബുലൻസ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്. ദീപമോൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read Also: ഖത്തറിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button