മോസ്കോ: റഷ്യ- യുക്രെയ്ന് യുദ്ധം പത്ത് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ കാണുന്നില്ല. അതേസമയം, രഹസ്യങ്ങളുടെ കലവറയായ വ്ളാഡിമിര്‍ പുടിനെ സംബന്ധിച്ച് ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പുടിന് അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണ്‍ പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ബുദബാധിതനായ പുടിന്റെ ശരീര ചലനങ്ങളില്‍ വന്ന മാറ്റം, കീമോ തെറാപ്പിയുടേയും മരുന്നുകള്‍ കഴിക്കുന്നതിന്റേയും സൂചനകളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന് പിന്നില്‍ 69 – കാരനായ പുടിന്റെ മാനസികാവസ്ഥ മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കാരണമായിട്ടുണ്ടാകാമെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പുടിന്റേതായി പുറത്തുവന്ന ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പരുക്കമായ മുഖം വളരെയേറെ വിളറിയിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇപ്പോള്‍ പെന്റഗണ്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത്. പുടിന്റേതായി പുറത്തു വരുന്ന ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ വീര്‍ത്ത മുഖം, കഴുത്ത്, നടത്തം, മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അദ്ദേഹം പാലിക്കുന്ന അകലം ഇതെല്ലാം അര്‍ബുദം ബാധിച്ചതിന്റെ ഭാഗമാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളെ വിലയിരുത്തി ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, പുടിന് പാര്ക്കിന്സണ് രോഗമാണെന്നുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നടത്തത്തിലും മുഖഭാവത്തിലുമുള്ള മാറ്റങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് ക്രെംലിനില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
Post Your Comments