ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധം 12-ാം ദിവസത്തിലേയ്ക്ക് കടന്നിട്ടും ഇതുവരെ സമവായ ചര്‍ച്ചയ്ക്ക് തീരുമാനമായില്ല. ആദ്യ റൗണ്ട് സമാധാന ചര്‍ച്ച നടന്നെങ്കിലും ഒന്നും തീരുമാനമാകാതെ പിരിയുകയായിരുന്നു. സമാധാന ശ്രമങ്ങളുമായി ലോകരാജ്യങ്ങള്‍ റഷ്യയെ ബന്ധപ്പെടുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പുടിനുമായി ഇന്നും സംസാരിച്ചിരുന്നു. തുടര്‍ന്ന്, സുമി ഉള്‍പ്പെടെ നാല് നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. 35 മിനിറ്റോളം ഇരുവരുടേയും സംഭാഷണം നീണ്ടുവെന്നാണ് സൂചന. യുക്രെയ്നിലെ സ്ഥിതിഗതികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.
Post Your Comments