
ശാസ്താംകോട്ട: യുവാവിനെ ആളുമാറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, നാലുപേർ കൂടി അറസ്റ്റിൽ. കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടനെ (21) അക്രമിച്ച കേസിൽ പടി. കല്ലട വിളന്തറ നിതിൻ ഭവനത്തിൽ കിച്ചു എന്ന നിഖിൽ രാജ് (22), വിളന്തറ വലിയപാടം അജിത ഭവനത്തിൽ അനന്തു (21), മൈനാഗപ്പള്ളി വേങ്ങപരപ്പാടിയിൽ ലക്ഷ്മി ഭവനത്തിൽ അനീഷ് (21), പോരുവഴി അമ്പലത്തുംഭാഗം അജയഭവനത്തിൽ അപ്പു എന്ന അജയദേവ് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശാസ്താംകോട്ട സി.ഐ അനുപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നിന് രാത്രി ഒമ്പതോടെ പടി. കല്ലട തോട്ടത്തിൽ കടവിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പടി. കല്ലട വലിയപാടം ഗുരുമന്ദിരത്തിന് സമീപം അമൃത വിഹാറിൽ മിജ്വൽ (18) വലിയപാടം അമലഗിരി പള്ളിക്ക് സമീപം ഉലകംവിള വടക്കതിൽ അനിൽ ചന്ദ്രൻ (20), വിളന്തറ ഗുരുമന്ദിരത്തിന് സമീപം അനു എന്ന ഉണ്ണി (20), വലിയപാടം അബി ഭവനത്തിൽ അബി ഗോപിനാഥ് (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പഞ്ചായത്ത് ഗ്രൗണ്ടിൽ കളിക്കാൻ വന്നവർ തമ്മിലെ സംഘർഷത്തിൽ ഉൾപ്പെട്ടയാൾ എന്ന് തെറ്റിദ്ധരിച്ച് ഹരിക്കുട്ടനെ പത്തോളം പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഹരിക്കുട്ടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments