കീവ്: റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഉക്രൈനിൽ നിന്ന് വളർത്തുമൃഗങ്ങളേയും കൂട്ടി പലായനം ചെയ്യുന്നവരുടെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ, മടക്കയാത്രയിൽ വളർത്തുനായയെ ഒപ്പം കൂട്ടിയ മലയാളി പെൺകുട്ടിയും വാർത്തയിൽ ഇടം നേടിയിരുന്നു. സമാനമായ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വളർത്തുമൃഗങ്ങളുമായല്ലാതെ രാജ്യത്തേക്ക് മടങ്ങില്ലെന്ന് വാശിപിടിച്ച് നിൽക്കുകയാണ് ഇന്ത്യക്കാരനായ കുമാർ ബന്ദി.
അമേരിക്കൻ കടുവയും, കരിമ്പുലിയുമാണ് കുമാറിന്റെ രണ്ട് വളർത്ത് മൃഗങ്ങൾ. തനിക്ക് തന്റെ മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് ഇവരെന്നും, ഇവയുമായല്ലാതെ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും വാശിയിലാണ് കുമാർ. ആന്ധ്രാ പ്രദേശിലെ ഗോദാവരി സ്വദേശിയായ കുമാർ ബന്ദി, ഉക്രൈനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ്. 15 വർഷം മുൻപ് മെഡിസിൻ പഠനത്തിനായി ഉക്രൈനിൽ എത്തിയ കുമാർ ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
11 ദിവസമായി ഉക്രൈനിലെ ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുന്ന ഇദ്ദേഹത്തോടൊപ്പം കടുവയും പുലിയുമുണ്ട്. അപൂർവ്വ ഇനവും വംശനാശ ഭീഷണി നേരിടുന്നതുമായ ജാഗ്വാറാണ് കുമാറിന്റെ കൈവശമുള്ളത്. തന്റെ കൈവശമുള്ള കടുവ, ലോകത്തിലുള്ളതിൽ തന്നെ ഏറ്റവും അപൂർവ്വ ഇനമാണെന്നും 21 എണ്ണം മാത്രമേ ഇപ്പോൾ ജീവനോടെയുള്ളൂവെന്നും കുമാർ പറയുന്നു.
Post Your Comments