തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അടുത്ത ആഴ്ച അവതരിപ്പിക്കുന്ന കേരള ബജറ്റില്‍ നികുതി വ്യവസ്ഥയിൽ പുതിയ പരിഷ്‌കാരങ്ങൾ ഉണ്ടായേക്കുമെന്ന് വിദഗ്ധർ നിരീക്ഷിച്ചു. നികുതി വർദ്ധനവ് അനിവാര്യമാണെന്ന് അവർ വിലയിരുത്തി. മാര്‍ച്ച് 11 നാണ് കെ.എന്‍ ബാലഗോപാല്‍ തന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത്.
മന്ത്രി അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ് കൊവിഡാനന്തര കേരളത്തിന്‍റെ ദിശാസൂചികയാകുമെന്ന് പ്രഗത്ഭർ വിലയിരുത്തുന്നു. ബജറ്റിൽ പുതിയ നികുതി നിർദ്ദേശം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, അവ ജനജീവിതത്തെ ബാധിക്കാതെ എങ്ങനെയാകും പരിഷ്കരിക്കപ്പെടുക എന്ന ആകാംക്ഷയിലാണ് സംസ്ഥാനം. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലെത്താന്‍ കേരളം എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കുമെന്നും ബജറ്റ് വ്യക്തമാക്കും.
നികുതി വർദ്ധന അനിവാര്യമാണെങ്കിലും, കൊവിഡ് പ്രതിസന്ധി ഒഴിയാത്ത കാലത്ത് പുതിയ നികുതി നിർദ്ദേശം ഇല്ലെന്നാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്. എന്നാൽ, നികുതി – നികുതിയേതര വരുമാനം കൂട്ടാതെ ഇനി സംസ്ഥാനത്തിന് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ വിദഗ്ധർ നിരീക്ഷിക്കുന്നത്. ബജറ്റിൽ ചെലവ് ചുരുക്കല്‍ നടപടികളും ഉണ്ടാകും.ആഭ്യന്തര മൊത്ത വരുമാനത്തിന്‍റെ ആറ് ശതമാനം മാത്രം നികുതി ചുമത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈന്‍, നിക്ഷേപകരെ ആകര്‍ഷിക്കല്‍, അടിസ്ഥാന മേഖലയിലെ വികസനം ഉള്‍പ്പടെയുള്ള വിഷയങ്ങളിലും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
Leave a Comment