കൊച്ചി : റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ സ്വര്‍ണവില പവന് 40,000 രൂപയാകാന്‍ ഇനി അധിക ദിവസം വേണ്ടിവരില്ലെന്നാണ് സൂചന. ഒരു പവന് സ്വര്‍ണത്തിന് 38,720 രൂപയായി. വരും ദിവസങ്ങളിലും സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത. വലിയ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 100 ഡോളറിന്റെ വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തുമുണ്ടാകുന്നത്.
സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ, വന്‍കിട നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് കാണുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണവില ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറും. കഴിഞ്ഞ 2 ആഴ്ചകൊണ്ട് സ്വര്‍ണവില 2000 രൂപയാണ് കൂടിയത്. യുദ്ധസാഹചര്യങ്ങള്‍ക്ക് അയവു വരാതിരിക്കുകയും ആഗോള വിപണികളിലെ പ്രതിസന്ധി തുടരുകയും ചെയ്താല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ സ്വര്‍ണവില പവന് 40,000 രൂപ മറികടക്കുമെന്ന് അന്താരാഷ്ട്ര ബിസിനസ് രംഗത്തെ പ്രമുഖര്‍ പറയുന്നു.
ഓഹരി വിപണികളിലെയും മറ്റും നിക്ഷേപം യുദ്ധകാലത്തു സുരക്ഷിതമല്ലെന്ന വന്‍കിട നിക്ഷേപകരുടെ വിലയിരുത്തലാണ്, നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേയ്ക്ക് തിരിഞ്ഞത്.
അതേസമയം, യുദ്ധം രാജ്യാന്തര വിപണിയിലുണ്ടാക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ കറന്‍സിയെയും രൂക്ഷമായി ബാധിക്കുന്നുണ്ട്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം. രാജ്യത്തേക്ക് ആവശ്യമായതിന്റെ ഭൂരിഭാഗം സ്വര്‍ണവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണു രൂപയുടെ മൂല്യം സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുന്നത്.
Post Your Comments