തിരുവനന്തപുരം: യുക്രൈൻ-റഷ്യ വിഷയം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മലയാളികളുടെ ദുരാവസ്ഥ പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എംപി. നൂറ്റാണ്ടുകൾക്കു മുൻപ് കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർത്തിക്ക് ബോധ്യമായ പരമമായ സത്യം ഇനിയും നമ്മുടെ ഭരണകർത്താക്കൾക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും യുക്രൈൻ യുദ്ധത്തിന്റെ കാരണങ്ങളെക്കുറിച്ചു വ്യത്യസ്ത നിലപാടുകൾ ഓരോ ദിവസവും പ്രത്യക്ഷപ്പെടുമ്പോഴും വരും ദിനങ്ങളിൽ ദുരിതങ്ങൾ പെയ്തിറങ്ങുമെന്നും ബ്രിട്ടാസ് ഫേസ്‌ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
യുദ്ധത്തിൽ വിജയി ഇല്ല… പരാജിതർ മാത്രം! നൂറ്റാണ്ടുകൾക്കു മുൻപ് കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർത്തിക്ക് ബോധ്യമായ പരമമായ സത്യം ഇനിയും നമ്മുടെ ഭരണകർത്താക്കൾക്ക് ബോധ്യപ്പെട്ടിട്ടില്ല. യുദ്ധത്തിന്റെ വ്യർത്ഥത ആവർത്തിച്ച് ബോധ്യപ്പെട്ടിട്ടും രാജ്യങ്ങളും സംഘങ്ങളും നിർബാധം മുന്നോട്ടു പോകുന്നു. ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ, യുദ്ധം ഇല്ലാത്ത ഒരു ദിനം പോലും ഇല്ല. യുക്രൈൻ യുദ്ധത്തിന്റെ കാരണങ്ങളെക്കുറിച്ചു വ്യത്യസ്ത നിലപാടുകൾ ഓരോ ദിവസവും പ്രത്യക്ഷപ്പെടുമ്പോഴും വരും ദിനങ്ങളിൽ ദുരിതങ്ങൾ പെയ്തിറങ്ങും.
Read Also: മീഡിയ വണ്ണിനെതിരെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഹൈക്കോടതി
ലോകത്തിന്റെ ഒരു മൂലയിൽ ഉണ്ടാകുന്ന ചെറിയ സംഘർഷത്തിന് പോലും ലോകത്തെ ആകമാനം ദോഷകരമായി സ്വാധീനിക്കാൻ കഴിയും. അത്രത്തോളം ലോകം കെട്ടുപിണഞ്ഞു കിടക്കുന്നു. നമ്മുടേതല്ലാത്ത ഒരു യുദ്ധവും എവിടെയും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. യുക്രൈനിൽ നിന്നും വരുന്ന പാചകഎണ്ണയെക്കുറിച്ചും റഷ്യയിൽ നിന്നുമുള്ള ഗോതമ്പ് ഇറക്കുമതിയെക്കുറിച്ചും പറയുന്നവരുണ്ട്. അതൊരു ലളിതവൽക്കരണമാണ്. വില കൂടാത്തതായി നമ്മുടെ മുന്നിൽ ഒന്നും ഉണ്ടാവില്ല. മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്.
ഓരോ ദിവസവും യുക്രൈനിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ വിളിച്ചുകൊണ്ടിരിക്കുന്നു. വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുന്നുണ്ടെങ്കിലും നിസ്സഹായതയാണ് പലപ്പോഴും നമ്മളെ വേട്ടയാടുന്നത്. യുപി തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പെട്രോൾ – ഡീസൽ വില കുതിച്ചുയരും. വിലക്കയറ്റം ആയിരിക്കും ഫലം. യുദ്ധ മുറവിളികൾക്കിടയിൽ ഈ യാഥാർത്ഥ്യം എത്ര പേർ ഉൾക്കൊള്ളും?!
Post Your Comments