വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റ് ഇന്‍ഡീസിനെ 81 റണ്‍സിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. പരിക്കിന് ശേഷം തിരിച്ചെത്തിയ ഓപ്പണര്‍ സ്മൃതി മന്ഥാന 66 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍, ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടതിനെ തുടര്‍ന്ന് മന്ഥാന ബാറ്റിംഗ് പൂർത്തിയാകാതെ കളം വിട്ടിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മന്ഥാനയുടെ ബാറ്റിംഗ് മികവിൽ 258 റണ്‍സെടുത്തു. ദീപ്ത ശര്‍മ (51), യഷ്ടിക ഭാട്ടിയ (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജ് (30) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനാണ് സാധിച്ചത്. പൂജ വസ്ത്രകര്‍ 21 റണ്‍സ് വഴങ്ങി മുന്ന് വിക്കറ്റ് വീഴ്ത്തി.
Read Also:- കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും തിരിച്ചടി: വോളിബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം നഷ്ടമാവും
ആദ്യ മത്സരത്തില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചിരുന്നു. മാര്‍ച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ആറിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം, ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യയുടെ സ്മൃതി മന്ഥാന. ഓസ്ട്രേലിയയുടെ അലീസ ഹീലിയും ഇന്ത്യയുടെ മിതാലി രാജും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു.
Post Your Comments