മുംബൈ: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം തോല്‍വിയറിയാതെ പടയോട്ടം തുടരുകയാണ്. സമ്പൂര്‍ണ വിജയം നേടിയതിന്റെ പേരില്‍ രോഹിത് അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെയെന്ന് വിരാട് കോഹ്ലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ, പരമ്പരകളാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ തൂത്തുവാരിയത്. താരതമ്യേന ദുര്‍ബലമായ എതിരാളികളെ ലഭിച്ചത് രോഹിത്തിന്റെ ഭാഗ്യമാണന്നും എന്നാല്‍, ടീം തോല്‍ക്കാന്‍ തുടങ്ങിയാല്‍ പല കോണുകളില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ ഉയരുമെന്നും രാജ്കുമാര്‍ ശര്‍മ ട്വിറ്ററിൽ കുറിച്ചു.
‘രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ വളരെയധികം കൂളായാണ് കാണപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിലെ തുടക്കകാലം മാത്രമാണിത്. ഭാഗ്യവശാല്‍, ക്യാപ്റ്റനായ ശേഷം അല്‍പ്പം എളുപ്പമുള്ള പരമ്പരകളാണ് അദ്ദേഹത്തിനു ലഭിച്ചത്. എന്നാല്‍, മുന്നോട്ട് പോവുന്തോറും രോഹിത്തിന് കാര്യങ്ങള്‍ കടുപ്പമാവും’.
‘ഒരുപാട് വെല്ലുവിളികള്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ടീം തോല്‍ക്കാന്‍ തുടങ്ങിയാല്‍ കുറ്റപ്പെടുത്തലുകളും രോഹിത്തിനു നേരിടേണ്ടിവരും. ടീം തോല്‍ക്കുന്ന സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡുമെല്ലാം വരുത്തുന്ന പിഴവുകള്‍ ചോദ്യം ചെയ്യപ്പെടും. ടീമിന്റെ തന്ത്രം ശരിയായില്ലെന്നും പലരും ചൂണ്ടിക്കാട്ടും’.
Read Also:- ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച്ച തുടക്കം: പുതിയ നേട്ടത്തിനരികെ അശ്വിൻ
‘ടീമില്‍ ഒരു പൊസിഷനില്‍ അയാള്‍ക്കു പകരം മറ്റൊരാളെ കളിപ്പിക്കേണ്ടിവരും. പക്ഷെ, അത്തരമൊരു സന്ദര്‍ഭം വരാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ഇപ്പോഴത്തേതു പോലെ തന്നെ മികച്ച രീതിയില്‍ രോഹിത്തിനു കീഴില്‍ ടീം മുന്നേറട്ടെ. അദ്ദേഹത്തിന്റെ കീഴിൽ ടീം ഇന്ത്യ ലോകകപ്പ് നേടുന്നത് കാണാൻ ആഗ്രഹിക്കുന്നു’ രാജ്കുമാര്‍ ശര്‍മ പറഞ്ഞു.
Post Your Comments