ബംഗളൂരു: ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രീതിയിലെ പോരായ്മയുടെ ഇരയാണ് ഉക്രൈനിൽ കൊല്ലപ്പെട്ട നവീൻ എന്ന് പിതാവ് ശേഖർ ഗൗഡ പറഞ്ഞു. ഇന്ത്യയിലെ ഉയർന്ന ഫീസ് താങ്ങാൻ കഴിയാത്തതുകൊണ്ടാണ് ഉക്രൈനിലേക്ക് മെഡിക്കൽ പഠനത്തിനായി പോയത്. 97 ശതമാനം മാർക്ക് ലഭിച്ചിട്ടും നവീന് ഇന്ത്യയിൽ ഒരിടത്തും മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രീതി തിരുത്തണമെന്നും ഉക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ പിതാവ് ശേഖർ ഗൗഡ അഭിപ്രായപ്പെട്ടു. തന്റെ മകന് സംഭവിച്ചത് മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
നവീന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് കുടുംബം അറിയിച്ചു. എത്രയും വേഗം മകന്റെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖർ ഗൗഡ ആവശ്യപ്പെട്ടു.
ഖർഖീവിൽ ഇന്നലെ നടന്ന ഷെല്ലാക്രമണത്തിലാണ് കർണാടക സ്വദേശിയും മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയും ആയിരുന്ന നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്. നവീൻ അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായത്. നഗരത്തിൽ ഗവർണർ ഹൗസിനെ ലക്ഷ്യംവെച്ചുകൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
Post Your Comments