കീവ്: ഇന്ത്യൻ സ്വദേശികളോട് ഉടൻ ഖാർകീവ് വിടാൻ വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. പിസോചിൻ, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിർദ്ദേശം. യുക്രൈന് സമയം വൈകുന്നേരം ആറു മണിക്ക് മുമ്പ് ഖാര്‍കീവ് ഒഴിയണമെന്ന് എംബസിയുടെ നിർദ്ദേശം. നേരത്തെയും, അന്ത്യശാസനം നല്കി യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഖാർകീവിൽ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് എംബസിയുടെ നിർദ്ദേശം. ഖാർകീവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യൻ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാർകീവിന് പുറമെ, സുമിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാർകീവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്സൺ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്സണിലെ നദീ തുറമുഖവും റെയിൽവേ സ്റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുത്തു. ഖാർകീവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേർക്ക് പരുക്കേറ്റു. റഷ്യൻ പട്ടാളത്തിന്റെ ആക്രമണം തടയാൻ പരമാവധി ശ്രമിക്കുന്നതായി ഖാർക്കിവ് മേയർ ഐഹർ ടെറഖോവ് അറിയിച്ചു.
അതേസമയം, കീവിലെ ടെലിവിഷൻ ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഖാർകീവ് നഗരത്തിൽ റഷ്യൻ വ്യോമസേന എത്തിയതായി യുക്രൈൻ സ്ഥിരീകരിച്ചു. ഖാർകീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.
Post Your Comments