തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യവും പ്രതിഷേധവും ശക്തമാകുന്നതിനിടെ, ദീർഘദൂര ട്രെയിനുകളിലടക്കം എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ ബോർഡിന്റെ ഉത്തരവ്. ഇളവുകളെ തുടർന്ന് ഏതാനും ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തിയെങ്കിലും, നിലവിൽ അധികവും പൂർണമായും റിസർവ് കോച്ചുകളുമായാണ് ഓടുന്നത്. സ്ഥിരയാത്രക്കാർക്കടക്കം ഇത് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് റെയിൽവേ തീരുമാനം.
നേരത്തേയുണ്ടായിരുന്ന ജനറൽ കോച്ചുകളെല്ലാം റിസർവേഷൻ കമ്പാർട്ടുമെന്റുകളായാണ് ഇപ്പോൾ ഓടുന്നത്. ഈ കോച്ചുകളിലെ റിസർവേഷൻ വിലയിരുത്തിയ ശേഷമാകും അവ വീണ്ടും ജനറലുകളാക്കുക. നിലവിലെ വ്യവസ്ഥ പ്രകാരം നാല് മാസം വരെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. റിസർവ് ചെയ്യുന്ന യാത്രക്കാർക്കാണ് റെയിൽവേയിൽ മുൻഗണന. ഒരാളെങ്കിലും ട്രെയിൻ ബുക്ക് ചെയ്തെങ്കിൽ ആ കോച്ച് ജനറലാക്കി മാറ്റാനാകില്ല. റെയിൽവേ ബോർഡിന്റെ ഉത്തരവിറങ്ങിയ ജനുവരി 28 മുതൽ നാല് മാസം വരെയുള്ള കാലയളവിലെ ഓരോ ട്രെയിനിലെ ബുക്കിങ് നിരീക്ഷിക്കുകയും, റിസർവേഷൻ ഇല്ലാത്ത തീയതി മുതൽ കോച്ചുകൾ ജനറലായി വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് ചെയ്യുക.
Post Your Comments