കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി റിപ്പോർട്ട്. എന്നാൽ, തലച്ചോറിനേറ്റ ക്ഷതം കാരണം കുഞ്ഞിന് ഇനിയും സംസാരശേഷി തിരിച്ച് കിട്ടിയിട്ടില്ല. ഇതെങ്ങനെ സംഭവിച്ചുവെന്നും, ആരാണ് ഉത്തരവാദിയെന്നും കൃത്യമായി കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ നിഗമനങ്ങൾ പ്രസക്തമാകുന്നത്.
കുട്ടിയുടെ ഗുരുതര പരിക്കിന് കാരണം ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രോമാണ് എന്നാണ് മെഡിക്കൽ സംഘം കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞ് സ്വയം പരിക്കേൽപ്പിക്കുകയായിരുന്നു എന്ന അമ്മയുടെ വാദം പൂർണ്ണമായും തള്ളിയ ഡോക്ടർമാരാണ് ഇത്തരം ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. കേസിൽ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ, നമുക്കിടയിൽ അധികം കേട്ടുവരാത്ത ഈ ശാരീരികാവസ്ഥ എന്താണെന്ന് നോക്കാം.
പലവിധ സമ്മർദ്ദങ്ങളോട് അടിമപ്പെടുന്ന രക്ഷിതാക്കളെ കുഞ്ഞിന്‍റെ കൊഞ്ചലുകളോ, കുസൃതിയോ, പിടിവാശികളോ വരെ പെട്ടെന്ന് ക്ഷുഭിതരാക്കിയേക്കും. അങ്ങനെ ആത്മനിയന്ത്രണം കിട്ടാത്ത അവസ്ഥയിൽ കുട്ടിയെ ഇവർ ബലമായി പിടിച്ച് കുലുക്കിയാൽ ആ പിഞ്ചുശരീരത്തിൽ അത് ഉണ്ടാക്കുന്ന ആഘാതത്തെയാണ് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. അഞ്ച് സെക്കൻഡ് നേരം ഇത്തരത്തിൽ കുലുക്കുന്നത് തന്നെ കുഞ്ഞിന് ഗുരുതര ശാരീരിക ആഘാതങ്ങൾ ഏൽപ്പിക്കും. കുട്ടികളുടെ കഴുത്തിലെ പേശികൾക്ക് വലിയ ബലം ഉണ്ടാകില്ല. കുട്ടിയെ കുലുക്കുമ്പോൾ തലയോട്ടിക്കുള്ളിൽ തലച്ചോർ ഇളകും. തുടർച്ചയായ സമ്മർദ്ദത്തിൽ തലച്ചോറിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരും. അങ്ങനെ കുഞ്ഞിന്‍റെ തലച്ചോറിലെ കോശങ്ങൾ നിർജീവമാകും. നിരന്തരമായ കുലുക്കം കുട്ടിയുടെ നട്ടെല്ലിലും രക്തസ്രാവമുണ്ടാകും.
Post Your Comments