കീവ്: റഷ്യക്കെതിരെ പോരാടാൻ ജയിൽ വാസികളെ തുറന്നുവിട്ട ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയെയും വാർത്തയ്ക്ക് ഹീറോ പരിവേഷം നൽകി റിപ്പോർട്ട് ചെയ്ത മനോരമയെയും രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. രാജ്യത്തെ ജനങ്ങളെ കുരുതി കൊടുക്കാതെ രമ്യതയിലേക്ക് എത്തുന്നതിന് പകരം രാജ്യത്ത് അരാജകത്വം വിതയ്ക്കാൻ ശ്രമിക്കുന്ന ഭരണാധികാരിയാണ് സെലൻസ്ക്കിയെന്ന വിമർശനം ശക്തമാകുന്നതിനിടെ ആണ് അദ്ദേഹത്തെ, വിമർശിച്ച് ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നിരിക്കുന്നത്.
ഉക്രൈൻ പ്രസിഡന്റ്, മികച്ച ഭരണാധികാരിയോ, നായകനോ, രാജ്യത്തിന്റെയും ജനതയുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവനോ ആണെന്ന് തനിക്ക് കരുതാനാകില്ലെന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിക്കുന്നു. ഉക്രൈനിൽ വിവിധ മനോനിലയുള്ള ആയിരങ്ങളുടെ കയ്യിലേക്ക് മതിയായ പരിശീലനം കൂടാതെ സംഹാരശേഷിയുള്ള ആയുധം നൽകുന്നതിലൂടെ, അരാജകത്വത്തിന്റെ വിത്ത് വിതയ്ക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സാധാരണക്കാർ ആയുധമെടുത്ത് പോരാടുമ്പോൾ ജനവാസ പ്രദേശങ്ങളിൽ ശത്രുരാജ്യം ഏൽപ്പിച്ചേക്കാവുന്ന നാശനഷ്ടങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനുള്ള ധാർമ്മികത പോലും ആ രാജ്യം നഷ്ടപ്പെടുത്തുകയാണെന്ന് വ്യക്തമാക്കിയ ശ്രീജിത്ത്, പ്രസിഡന്റിന്റെ ഈ തീരുമാനത്തിന് കൈയ്യടിക്കുന്നത് അല്പത്തരമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘സെലൻസ്കി ഹീറോ ഡാ’ എന്നൊരു തലക്കെട്ട് മനോരമ ഓൺലൈനിൽ കണ്ടതുകൊണ്ട് എഴുതുകയാണ്. 18നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാരെ രാജ്യം വിടുന്നതിൽ നിന്നു വിലക്കുകയും, സാധാരണ പൗരന്മാർക്ക് ആയുധം നൽകുകയും, കുറ്റവാളികളെ ജയിൽ തുറന്നുവിടുകയും, പോരാടാൻ സന്നദ്ധരായ വിദേശികൾക്ക് വീസ ഒഴിവാക്കുകയും ചെയ്യുന്ന യുക്രൈൻ പ്രസിഡന്റ് തികഞ്ഞ ദേശസ്നേഹിയാവാം, പക്ഷെ മികച്ച ഭരണാധികാരിയോ, നായകനോ, രാജ്യത്തിന്റെയും ജനതയുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവനോ ആണെന്ന് കരുതാൻ വയ്യ. സ്വന്തം ശക്തിയും ദൗർബല്യവും പിന്തുണയും വിലയിരുത്താൻ യുദ്ധത്തിനു മുൻപ് അദ്ദേഹത്തിനു കഴിയാതിരുന്നത് തൽക്കാലം പരിഗണിക്കുന്നതേയില്ല.
വർഷങ്ങൾ നീണ്ട ശാരീരിക, മാനസിക പരുവപ്പെടുത്തലിനു ശേഷമാണ് ഓരോ സൈനികനും ഉണ്ടാകുന്നത്. എന്നാൽ യുക്രൈനിൽ വിവിധ മനോനിലയുള്ള ആയിരങ്ങളുടെ കയ്യിലേക്ക് മതിയായ പരിശീലനം കൂടാതെ സംഹാരശേഷിയുള്ള ആയുധം നൽകുകയാണ്. ക്രിമിനൽ കുറ്റവാളികളെ യുദ്ധം ചെയ്യാൻ ജയിലുകളിൽ നിന്നും മോചിപ്പിക്കുകയാണ്. അരാജകത്വത്തിന്റെ വിത്ത് വിതയ്ക്കുകയാണ്. സമാധാന കാംക്ഷികൾക്ക് അഭയാർത്ഥികൾ ആവാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട് അവരും യുദ്ധത്തിന്റെ ഭാഗം ആവുകയാണ്. സാധാരണക്കാർ ആയുധമെടുത്ത് പോരാടുമ്പോൾ ജനവാസ പ്രദേശങ്ങളിൽ ശത്രുരാജ്യം ഏൽപ്പിച്ചേക്കാവുന്ന നാശനഷ്ടങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനുള്ള ധാർമ്മികത പോലും ആ രാജ്യം നഷ്ടപ്പെടുത്തുകയാണ്. അതിന് കയ്യടിക്കുന്നത് ആപൽക്കരമാണ്.
യുക്രൈനിൽ നിഷേധിക്കപ്പെടുന്നത് യുദ്ധവും സമാധാനവും തമ്മിലേത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സാധാരണക്കാരന്റെ ചോയ്സ് കൂടിയാണ്. യുക്രൈന്റെ താല്പര്യം നോക്കാതെ യുദ്ധം പ്രഖ്യാപിച്ച റഷ്യൻ പ്രസിഡന്റും, സ്വന്തം ജനതയുടെ താല്പര്യം നോക്കാതെ അവരെ പിടിച്ചുനിർത്തി യുദ്ധത്തിലേക്ക് വിടുന്ന യുക്രൈൻ പ്രസിഡന്റും മനുഷ്യത്വമെന്ന അളവുകോലിൽ സമരായി അളക്കപ്പെടുന്നവരാണ്.
സൈന്യത്തെ വിന്യസിച്ച് യുദ്ധം ചെയ്ത് വിജയിക്കുന്നവനും പരാജയപ്പെടുന്നവനും അതാതു രാജ്യങ്ങൾക്ക് ഹീറോ ആണ്. എന്നാൽ സാധാരണ സിവിലിയനെ മനുഷ്യകവചം പോലെ ഉപയോഗിച്ച് ശത്രുവിനു മുന്നിലേക്ക് തള്ളിവിടുന്നവന് ഭീരുവെന്നാണ് മനോരമേ പേര് — ഭീരു!
Post Your Comments