കീവ്: ഉക്രൈന്റെ പ്രസിഡന്റ് ആയ വൊളോഡിമിർ സെലെൻസ്കിയെ എല്ലാവർക്കും അറിയാം. എന്നാൽ, ആരാണ് ഈ സെലെൻസ്കി? ഉക്രൈന്റെ പ്രസിഡന്റ് ആകുന്നതിന് മുൻപ് ഇദ്ദേഹം ചെയ്തിരുന്നത് എന്താണ്?. റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെ, ലോകജനത സോഷ്യൽ മീഡിയയിൽ കാര്യമായ അന്വേഷണത്തിലാണ്. അവർക്കറിയേണ്ടത്, ശരിക്കും ആരാണ് സെലൻസ്കി എന്നാണ്. അന്വേഷണം, ഒടുവിൽ അവസാനിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പഴയ കാലത്തിലേക്ക്.
2019 ൽ ആണ് സെലെൻസ്കി ഉക്രൈന്റെ പ്രസിഡന്റ് ആയത്. അതിനുമുൻപ്, നിരവധി ടി.വി ഷോകളിലും സിനിമകളിലും അഭിനയിച്ച ഒരു നടനും ഹാസ്യതാരവും അവതാരകനും വോയിസ് ആർട്ടിസ്റ്റുമായിരുന്നു സെലെൻസ്‌കി. 2006-ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിലും ഉക്രേനിയൻ ടെലിവിഷൻ പരമ്പരയായ സെർവന്റ് ഓഫ് ദി പീപ്പിളിലും പ്രധാന താരമായിരുന്നു സെലൻസ്‌കിയെന്ന് ഒരുപക്ഷെ, പലർക്കും അറിയാമായിരിക്കും. എന്നാൽ, അധികമാർക്കും അറിയാത്ത ഒരു രഹസ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. സെലെൻസ്‌കിയുടെ കരിയറിലെ, അധികം അറിയപ്പെടാത്ത ഒരു വശം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. കുട്ടികളുടെ സിനിമയായ പാഡിംഗ്ടണിന്റെ ഉക്രേനിയൻ പതിപ്പിൽ കരടി കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് സെലെൻസ്കി ആയിരുന്നുവത്രെ.
Also Read:അധിനിവേശം ശക്തമാക്കി റഷ്യ: സ്ത്രീകളുടെ ആശുപത്രിക്ക് നേരെ ഷെല്ലാക്രമണം
പാഡിംഗ്ടൺ (2014), പാഡിംഗ്ടൺ 2 (2017) എന്നിവയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആനിമേറ്റഡ് കഥാപാത്രമായ കരടിക്ക് ശബ്ദം നൽകിയിരുന്നത് സെലെൻസ്‌കി ആയിരുന്നുവെന്ന് പാഡിംഗ്ടൺ നിർമ്മിച്ച സ്റ്റുഡിയോ കാനലിന്റെ വക്താവ് വെളിപ്പെടുത്തി. പാഡിംഗ്ടൺ ഫിലിം ഫ്രാഞ്ചൈസിയിൽ കരടിയുടെ വളർത്തച്ഛനായി അഭിനയിച്ച ബ്രിട്ടീഷ് നടൻ ഹ്യൂ ബോണവില്ലെ പോലും ഈ വെളിപ്പെടുത്തലിൽ അമ്പരന്നിരിക്കുകയാണ്.
‘ഇന്ന് വരെ ഉക്രെയ്നിൽ @paddingtonbear-ന്റെ ശബ്ദം നൽകിയത് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു’, ഹഗ് ബോണവിൽ ട്വിറ്ററിൽ കുറിച്ചു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട്, അക്കാലത്ത് പുറത്തിറങ്ങിയ വീഡിയോയിൽ സെലൻസ്കി തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് ‘എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് നമസ്കാരം. ഞാൻ, വൊളോഡിമിർ സെലെൻസ്കി. അതിശയകരവും ആകർഷകവും സൗഹൃദപരവുമായ കരടി പാഡിംഗ്ടണിന് ശബ്ദം നൽകുന്നത് ഞാനാണ്’. പ്രസിഡന്റാകുന്നതിന് മുമ്പ്, സെർവന്റ് ഓഫ് പീപ്പിൾ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ ശ്രദ്ധേയനായ സെലെൻസ്‌കി, പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരുന്നു.
Post Your Comments