ന്യൂഡല്‍ഹി : വിദേശരാജ്യങ്ങളില്‍ മെഡിസിന്‍ പഠിക്കുന്ന 90% വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുന്നത് എന്ന് ചോദിക്കാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം മറുപടി നല്‍കി. പഠനത്തിനായി രാജ്യത്ത് നിന്നും കൂട്ടത്തോടെ പലായനം ചെയ്ത് വിദേശ രാജ്യത്ത് യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
‘വിദേശത്ത് എംബിബിഎസ് പഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാരായി പ്രവര്‍ത്തിക്കാന്‍, വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ പാസാകണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന 90 ശതമാനം പേരും ഈ പരീക്ഷകളില്‍ പരാജയപ്പെടുകയാണ് പതിവ്’, കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി ചൂണ്ടിക്കാട്ടി.
അതേസമയം, വിദ്യാര്‍ത്ഥികളെ തിരികെ രാജ്യത്ത് സുരക്ഷിതമായി എത്തിക്കാനുള്ള രക്ഷാദൗത്യങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി ഇന്ത്യന്‍ വ്യോമസേനയും തയ്യാറായിക്കഴിഞ്ഞു. യുക്രെയ്‌നിലേക്ക് മരുന്നുമായി പുറപ്പെടുന്ന സി 17 വ്യോമസേന വിമാനത്തില്‍ പരാമാവധി വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനാണ് നീക്കം. കേന്ദ്ര സര്‍ക്കാരിന്റെ അവസാന നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങളും വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യോമസേന വിമാനങ്ങള്‍ അയയ്ക്കും.
Post Your Comments