ന്യൂഡൽഹി: ഉക്രൈന് – റഷ്യ പ്രതിസന്ധിയിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെതിരെ രംഗത്ത് വന്ന ശശി തരൂർ എം.പിയെ തള്ളി കോൺഗ്രസ്. ഉക്രെയ്നിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നെങ്കിലും, നിലവിലെ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ കണക്കിന് കുറ്റപ്പെടുത്തുന്ന ശശി തരൂരിന്റെ പ്രസ്താവന കോൺഗ്രസിന്റെ പ്രസ്താവനയായി കാണണ്ട എന്നാണ് പാർട്ടിക്ക് പറയാനുള്ളത്.
തന്റെ സഹപ്രവർത്തകന്റെ കാഴ്ചപ്പാടുകൾ വ്യക്തിപരമാണെന്നും വിഷയത്തിൽ കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും ആനന്ദ് ശർമ്മ പറഞ്ഞു. ശശി തരൂരിന്റെ പ്രസ്താവനയിൽ തന്റെ നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം. സായുധ സംഘർഷം അവസാനിപ്പിക്കുന്നതിനും മനുഷ്യജീവനുകൾ രക്ഷിക്കുന്നതിനും പ്രതിസന്ധി കൂടുതൽ വഷളാകാതിരിക്കാനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, റഷ്യയോട് സംസാരിച്ച് യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണം എന്നായിരുന്നു ശശി തരൂർ പറഞ്ഞത്. ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉള്ളപ്പോൾ ഉക്രൈയിനോട് സൗഹൃദപരമായ സമീപനം വേണം എന്നാണ് തന്റെ അഭിപ്രായം എന്ന് പറഞ്ഞ അദ്ദേഹം, ഉക്രൈയിനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വൈകിയെന്നും ആരോപിച്ചു. ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്ന മൗനം മോശമായി എന്നാണ് തന്റെ അഭിപ്രായം എന്നും ശശി തരൂർ പറഞ്ഞു.
Post Your Comments