മോസ്കോ: ഉക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി മിഖൈല്‍ മാറ്റ് വീവ് രംഗത്ത്. യുദ്ധം എത്രയും വേഗം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധത്തിനെതിരെ റഷ്യയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തിന്റെ നിലപാടെന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദ റഷ്യന്‍ ഫെഡറേഷന് നേതാവും എംപിയുമായ മാറ്റ് വീവ് പ്രതിപക്ഷ നേതാക്കളില്‍ പ്രധാനിയാണ്.
‘ഡോണട്സ്ക്, ലൂഹാന്‍സ്ക് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്തത്. സമാധാനത്തിന് വേണ്ടിയാണ് താന്‍ വോട്ട് ചെയ്തത്. അല്ലാതെ യുദ്ധത്തിനല്ല’-അദ്ദേഹം പറഞ്ഞു. ഉക്രൈനെതിരായ സൈനിക നടപടി നിര്‍ഭാഗ്യകരമെന്ന് ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയും അഭിപ്രായപ്പെട്ടിരുന്നു. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. അതേസമയം, ഉക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും പിബി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം, തലസ്ഥാനമായ മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബര്‍ഗിലും പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു. യുദ്ധത്തിനെതിരെ അണിനിരന്ന ആയിരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. യുദ്ധത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹ നടപടിയായി കണക്കാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, മൂന്നാംദിനത്തിലും യുക്രൈനില്‍ വ്യോമാക്രമണത്തിന് ശക്തമാക്കിയിരിക്കുകയാണ്. കരയുദ്ധത്തില്‍ യുക്രൈന് പ്രതിരോധം കണക്കിലെടുത്താണ് റഷ്യന്‍ നീക്കം.
Post Your Comments