തിരുവനന്തപുരം: പട്ടാപ്പകൽ തലസഥാന നഗരത്തിലെ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസ്. അറിയപ്പെടുന്ന ഗുണ്ടയാകുക എന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ഇനി എല്ലാവരും തന്നെ ഭയക്കുമല്ലോയെന്നുമാണ് ചോദ്യം ചെയ്യലിനിടെ അജീഷ് പൊലീസിനോട് പറഞ്ഞത്. അസഭ്യം പറഞ്ഞതും, മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധത്തെ തുടർന്നാണ് ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന നാഗർകോവിൽ കോട്ടാർ ചെട്ടിത്തെരുവിൽ നീലനെ(അയ്യപ്പൻ–34) കൊലപ്പെടുത്തിയതെന്നാണ് അജീഷ് ആവർത്തിച്ച് പറയുന്നത്.
ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ഉന്മാദാവസ്ഥയിലാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. നീലൻ മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ പ്രതി പൊട്ടിച്ചിരിച്ചാണ് പ്രതികരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ റിസപ്ഷൻ കൗണ്ടറിൽ ഇരിക്കുകയായിരുന്ന നീലനെ വെട്ടുകത്തി ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്, ബൈക്കിൽ നെടുമങ്ങാട് ഭാഗത്തേക്കു പോയ പ്രതി സുഹൃത്തുക്കളെ കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. ഇയാളുടെ വീടിനടുത്തുള്ളവരായിരുന്നു ഇരുവരും.
സുഹൃത്തുക്കളായിരുന്നവർ തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിലാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി രണ്ടു പേരുടെയും വീടുകളിൽ എത്തി. ഒരാളെ കണ്ടെത്തിയെങ്കിലും മറ്റൊരാൾ വീട്ടിൽ ഇല്ലായിരുന്നു. സാഹചര്യം അനുകൂലമല്ലെന്നു കണ്ടാണ് ദൗത്യം ഉപേക്ഷിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ഇയാളെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടതായും സൂചനയുണ്ട്. നീലനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു പോകുമ്പോൾ ബൈക്കിലെ പെട്രോൾ തീരുകയും മുല്ലശേരിയിൽ വച്ച് ബൈക്ക് ഒതുക്കി നിർത്തുകയും ചെയ്തു. തുടർന്ന്, ചില വാഹനങ്ങളിൽ കയറി ആനായിക്കോണത്തിനടുത്ത് എത്തി.
ഈ ഭാഗത്തുള്ള രണ്ടു പേരുടെ വീടുകളിലും എത്തി. എന്നാൽ പദ്ധതി പാളുകയായിരുന്നു. ഒരു വീട്ടുടമയെ ലക്ഷ്യമിട്ട് വീട്ടിലെത്തിയെങ്കിലും തിരികെ മടങ്ങി. മറ്റൊരാളുടെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഇല്ലായിരുന്നു. ഇവിടുത്തെ വളർത്തുനായയെ ആക്രമിച്ച ശേഷമാണ് മടങ്ങിയത്. തുടർന്ന്, ആനായിക്കോണം പാലത്തിൽ ഇരിക്കുമ്പോഴാണ് നെടുമങ്ങാട് പൊലീസ് പ്രതിയെ പിടികൂടിയത്. പിടികൂടിയപ്പോൾ രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചതുമില്ല.
Post Your Comments