റഷ്യ: യുക്രൈന്‍ പിടിച്ചാൽ പുടിന്റെ അടുത്ത ലക്ഷ്യം തൊട്ടടുത്ത രാജ്യങ്ങളെന്ന് വിമർശിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ ഗാരി കാസ്പറോവ്. പുടിന്റെ യുദ്ധക്കൊതി യുക്രൈനില്‍ നില്‍ക്കില്ലെന്നും, പുടിന്‍ യുക്രൈന്റെ കാര്യത്തില്‍ വിജയിച്ചാല്‍ അത് ചൈനയെ തായ്‌വാനിലേക്കായിരിക്കും അടുത്തതായി നയിക്കുകയെന്നും കാസ്പറോവ് പറഞ്ഞു.
Also Read:ആയുധങ്ങളും മിസൈലുകളും നൽകും :യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ
‘യുക്രൈനെ ആക്രമിക്കാന്‍ കാലങ്ങളായി പുടിന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് അടുത്തിടെ പറഞ്ഞത് ലോകരാജ്യങ്ങള്‍ ഗൗരവത്തോടെ കണ്ടിരുന്നെങ്കില്‍ ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. 2007ല്‍ മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍ പുടിന്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഈ യുദ്ധത്തിനുള്ള സൂചനയുണ്ടായിരുന്നു’, കാസ്പറോവ് പറഞ്ഞു.
‘മുൻപുണ്ടായിരുന്നത് പോലെ ലോകം വിഭജിച്ച് നില്‍ക്കുകയായിരുന്നു പുടിന് ആവശ്യം. വന്‍ രാജ്യങ്ങള്‍ ചെറു രാജ്യങ്ങളെ നിയന്ത്രിക്കുകയും, അവര്‍ എങ്ങനെ പെരുമാറണമെന്ന് വരെ തീരുമാനിക്കുകയും ചെയ്യുന്നതാണ് പുടിന്‍ ഇഷ്ടപ്പെട്ടിരിക്കുന്നത്. യുക്രൈനിലെ കടന്നുകയറ്റം പുടിന്‍ ദീര്‍ഘകാലമായി മുന്നില്‍ കാണുന്നതാണ്. പസഫിക്കിലെ വലിയ കപ്പല്‍ പുടിന്‍ കരിങ്കടലിലേക്ക് കൊണ്ടുവന്നു. യുക്രൈനെ എല്ലാ ഭാഗത്ത് നിന്നും റഷ്യന്‍ സൈന്യം വളഞ്ഞു. ഇതെല്ലാം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങളാണ്’, അദ്ദേഹം വ്യക്തമാക്കി.
‘റഷ്യയുടെ പദ്ധതികളില്‍ നിന്നുള്ള മാറ്റങ്ങളാണ് യുക്രൈനില്‍ നിന്ന് കാണുന്നത്. അവര്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നിട്ടില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ട് കീവ് പിടിച്ച് യുക്രൈനെ കാല്‍ ചുവട്ടിലാക്കാനായിരുന്നു പുടിന്റെ പ്ലാന്‍. എന്നാല്‍, യുക്രൈന്‍ ജനതയുടെ പോരാട്ടാം വീരോചിതമാണ്. അത് അപരാജിതനായ നേതാവെന്ന പുടിന്റെ ഇമേജ് ഇടിച്ചിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിലെ നാസി ജര്‍മനിക്ക് സമാനമായ കാര്യങ്ങള്‍ പുടിന്‍ ചെയ്യുന്നത്. എന്നാല്‍, പുടിന്റെ നീക്കങ്ങളെ യൂറോപ്പ് അവഗണിക്കുകയാണ്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, എന്നിവരൊന്നും നടപടിയെടുക്കുന്നില്ല. പുടിന്റെ ബിസിനസ് താല്‍പര്യവുമായി ഇവര്‍ ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണ് കടുത്ത നടപടികളൊന്നും വരാതിരിക്കുന്നത്.
യുക്രൈനെ ഒരിക്കലും സ്വതന്ത്ര രാഷ്ട്രമായി പുടിന്‍ കണ്ടിരുന്നില്ല. യുക്രൈന്റെ നിലനില്‍പ്പ് പോലും റഷ്യയുടെ നയം അംഗീകരിച്ചിരുന്നില്ല. പുടിന്റെ സ്വഭാവ സവിശേഷത തന്നെ കള്ളം പറയലാണ്. ദീര്‍ഘകാലം നുണ മാത്രം പറയാന്‍ പുടിന് സാധിച്ചിട്ടുണ്ട്. ഒടുവില്‍, അതെല്ലാം തനിക്ക് അനുകൂലമായി മാറ്റിയെടുക്കാനും പുടിന് സാധിക്കാറുണ്ട്. പുടിനെ ആരാലും തടയപ്പെടാന്‍ സാധിക്കാത്ത വ്യക്തിയായി മാറാന്‍ യൂറോപ്പ് സഹായിക്കുകയാണ്. അതാണ് യുക്രൈനെതിരെ ആക്രമണത്തെ കടുപ്പിക്കാന്‍ പുടിനെ സഹായിച്ചത്. ക്രൈമിയയോട് ചെയ്ത അതേ കാര്യങ്ങള്‍ പുടിന്‍ യുക്രൈനോടും ചെയ്യും. ഇത് യുക്രൈന്റെ മാത്രം വിഷയമല്ല. ആഗോള സുരക്ഷയുടെ വിഷയമാണ്. പുടിന്‍ വിജയിച്ചാല്‍, അടുത്തത് തായ്‌വാനിലേക്ക് ചൈനയുടെ വരവായിരിക്കും’, കാസ്പറോവ് കൂട്ടിച്ചേർത്തു.
Post Your Comments