റിയാദ്: കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്‌കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള പെർമിറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന നടപടികൾ സൗദിയിൽ പുരോഗമിക്കുകയാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തോളമായി കുട്ടികൾക്ക് ഈ പള്ളികളിലേക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. സൗദി നൽകിയിരിക്കുന്ന പുതിയ അറിയിപ്പ് അനുസരിച്ച് Tawakkalna ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ള ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം പെർമിറ്റുകൾ അനുവദിക്കും.
Post Your Comments