കീവ്: ഉക്രൈന് തലസ്ഥാനമായ കീവ് റഷ്യന്‍ സേന വളയുന്നതിനിടെ, തന്നെ രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനം പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി നിരസിച്ചതായി റിപ്പോർട്ട്. രാജ്യത്ത് തുടരുമെന്നും പൗരന്മാര്ക്ക് വേണ്ടി പോരാടുമെന്നും പ്രസിഡന്റ് പറഞ്ഞതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഓഫീസറാണ് വെളിപ്പെടുത്തിയത്. യുദ്ധം ഇവിടെയാണ്, എനിക്ക് ആയുധങ്ങളാണ് വേണ്ടത്, എന്റെ പൗരന്മാരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടുകൊണ്ടുള്ള യാത്രയല്ല വേണ്ടതെന്ന് സെലന്‍സ്കി പറഞ്ഞു.
അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റേയും പ്രസിഡന്റ് സെലന്‍സ്കിയുടേയും സംഭാഷണത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച മുതിര്‍ന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ കീവിൽ റഷ്യൻ സൈനികരെ ഉക്രൈൻ നേരിട്ടു. കീവ് റഷ്യ പിടിച്ചെടുത്തിട്ടില്ലെന്നാണ് ഉക്രൈൻ വ്യക്തമാക്കുന്നത്. റഷ്യയുടെ ആക്രമണങ്ങൾക്ക് മുന്നിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് വെയ്ക്കില്ല, എന്ന നിലപാടിലാണ് ഉക്രൈനിലെ മുഴുവൻ ജനതയും.
ലോകം ഉക്രൈനൊപ്പമാണെന്നും വിജയം നമ്മുടേതാണെന്നും പ്രസിഡന്റ് അറിയിച്ചു. റഷ്യൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്നും, ജനങ്ങൾക്ക് ആയുധം കൈമാറുമെന്നും സെലൻസ്കി അറിയിച്ചു. ഉക്രൈനിൽ ആക്രമണം രൂക്ഷമായതിന് പിന്നാലെ താൻ രാജ്യം വിട്ടുവെന്ന പ്രചാരണം തള്ളി സെലൻസ്കി ഇന്നലേയും രംഗത്തെത്തിയിരുന്നു. സെലൻസ്കി ഇപ്പോഴും കീവിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
Post Your Comments