കീവ്: യുക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്‍റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും ഉക്രൈനിയൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി. എല്ലാവർക്കും ഭയമാണെന്നും റഷ്യൻ സൈന്യത്തിന്‍റെ ലക്ഷ്യം താനാണ് എന്നും സെലൻസ്കി പറഞ്ഞു. റഷ്യൻ അട്ടിമറി സംഘങ്ങൾ കീവിൽ പ്രവേശിച്ചെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം തന്നെ 137 പേർ കൊല്ലപ്പെട്ടുവെന്നും 316 പേർക്ക് പരിക്കേറ്റെന്നും സെലൻസ്കി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇത് ഔദ്യോഗിക കണക്കാണെങ്കിലും മരണസംഖ്യ ഇതിനേക്കാൾ അധികമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചെർണോബിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തതായും അവിടെയുള്ള ഉദ്യോഗസ്ഥരെയടക്കം ബന്ദികളാക്കി വച്ചതായും സെലൻസ്കി പറഞ്ഞു. നാറ്റോയിൽ ഉക്രൈനെ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ ഉക്രൈനിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അതേസമയം, ആണവായുധത്തിന്‍റെ പേരിലുള്ള വെല്ലുവിളികളിലേക്ക് യുദ്ധത്തിന്‍റെ രണ്ടാം ദിനം തന്നെ എത്തിയിരിക്കുന്നു എന്നതാണ് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നത്.
Post Your Comments