Latest NewsCricketNewsSports

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ലഖ്നൗ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്കയെ 62 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയമാണിത്.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇഷാന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തത്. 56 പന്തില്‍ 89 റണ്‍സെടുത്ത കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു.

Read Also:- തീരുമാനമെടുക്കാന്‍ തോന്നിയപ്പോള്‍ എടുത്തു: ആർസിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് കോഹ്ലി

അതേസമയം, വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമാകുമ്പോഴും ഒരറ്റത്ത് തളരാതെ പൊരുതിയ ചരിത് അസലങ്കയാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. അസലങ്ക 43 പന്തില്‍ പുറത്താവാതെ 53 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക ഓവറില്‍ 20 ഓവറില്‍ 137-6.

shortlink

Related Articles

Post Your Comments

Related Articles


Back to top button