ഡൽഹി: ഉക്രെയ്നിലെ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ സുരക്ഷ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം. പോളിറ്റ് ബ്യുറോ ഇറക്കിയ വാർത്താക്കുറിപ്പിലാണ് സിപിഎം കേന്ദ്ര സർക്കാരിനോട് ആവശ്യമുന്നയിച്ചത്. അതേസമയം, ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
റുമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ നാല് അയൽ രാജ്യങ്ങളുമായി സഹകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ഉക്രെയ്ൻ അതിർത്തിയിൽ എത്തിയവരുടെ വിസാ നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന്റെ ചെലവിൽ അവരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇവരെ നാളെ ഡൽഹിയിലും മുംബൈയിലുമായാണ് എത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ രാത്രിയിൽ തന്നെ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഈ രാജ്യങ്ങൾ വാഗ്ദാനം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ചെലവിലാണ് വിമാനങ്ങളുടെ സർവീസ്. വിദ്യാർത്ഥികളിൽ നിന്നും യാത്രാ ചെലവ് ഈടാക്കരുതെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments