
ന്യൂഡൽഹി: ലോകത്തെ വിറങ്ങലിപ്പിച്ച് നിൽക്കുന്ന റഷ്യ – ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും. ഇന്ന് തന്നെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി നരേന്ദ്രമോദി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത് എന്നതാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇതിനോടൊപ്പം തന്നെ ഹംഗറി വഴി ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാനുള്ള രക്ഷാ ദൗത്യം ആരംഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായുള്ള നടപടികൾ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഹംഗറി അതിർത്തിയായ സോഹന്യയിലേക്ക് ഇന്ത്യൻ എംബസി അധികൃതർ എത്തും. അതേസമയം, റഷ്യയും ഉക്രൈയ്നും തമ്മിലുള്ള യുദ്ധത്തിലേക്ക് നേരിട്ടില്ലെന്ന് പ്രഖ്യാപിച്ച് നാറ്റോ കൈകഴുകിക്കഴിഞ്ഞിരുന്നു. സഖ്യരാജ്യങ്ങൾക്ക് സ്വന്തം നിലയിൽ സഹായം നൽകാമെന്നാണ് നിലപാട്. ഇതോടെ യുദ്ധ മുഖത്ത് ഒറ്റപ്പെട്ട ഉക്രൈയ്ൻ ലോക രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചു. തങ്ങൾക്ക് എല്ലാവിധ സഹായവും നൽകണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു.
ഇതിനിടെ റഷ്യയോട് ആക്രമണം നിർത്തണമെന്നാവശ്യപ്പെട്ട് മോദി സംസാരിക്കണം എന്നും, മോദി പറഞ്ഞാൽ പുടിൻ കേൾക്കുമെന്നും ഇന്ത്യയോട് ഉക്രെയ്ൻ സ്ഥാനപതിയുടെ അപേക്ഷ എത്തിയിരുന്നു, അതിർത്തിയിൽ സംഘർഷ സാധ്യത ഉടലെടുത്തത് മുതൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സഹായത്തിനെത്തുമെന്ന വിശ്വാസത്തിലായിരുന്നു ഉക്രെയ്ൻ.
ആൾ ബലത്തിലും ആയുധങ്ങളുടെ എണ്ണത്തിലും ഏറെ മുന്നിലുള്ള പുടിന്‍റെ സൈന്യത്തിനെതിരെ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ പിടിച്ചു നിൽക്കാമെന്ന ധാരണയായിരുന്നു ഉക്രെയ്ന്. എന്നാൽ അവസാനഘട്ടത്തിൽ സൈനിക സഹായം നൽകുമെന്ന ബ്രിട്ടന്‍റെയും കാനഡയുടെയും പ്രഖ്യാപനത്തിൽ മാത്രമാണ് യുക്രൈന് പ്രതീക്ഷയുള്ളത്.
Post Your Comments