തിരൂരങ്ങാടി: കൊടിഞ്ഞിയിൽ മഞ്ഞ മഴ പെയ്തത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കൊടിഞ്ഞി കടുവാളൂർ പത്തൂർ ബഷീറിന്റെ വീട്ടിലാണ് മഞ്ഞ മഴ പെയ്തത്.
ആകാശത്തു നിന്ന് മഞ്ഞ നിറത്തിലുള്ള ദ്രാവകം തുള്ളികളായി പെയ്തിറങ്ങുകയായിരുന്നു. ഇത് തുടച്ചാൽ മാഞ്ഞു പോകുന്നുണ്ടെങ്കിലും കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെ സമീപവാസികൾ പരിഭ്രാന്തിയിലാവുകയായിരുന്നു.
വീട്ടിൽ മതിലിന്റെ തേപ്പ് ജോലിക്കിടെ തൊഴിലാളികളായ താനൂരിലെ രാജു, ദിലീപ്, കൊടിഞ്ഞി കുറൂൽ സ്വദേശി ഇസ്മായിൽ എന്നിവരാണ് ആദ്യം മഞ്ഞ മഴ ശ്രദ്ധിച്ചത്. തേച്ച മതിലിൽ തുള്ളികളായി പതിച്ചത് ശ്രദ്ധിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങളിലും ഇലകളിലും മഴത്തുള്ളികൾ മഞ്ഞ പുള്ളികളായി കാണപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറമ്പിൽ പല ഭാഗത്തായി മഞ്ഞത്തുള്ളികൾ കാണപ്പെടുന്നതായി ബഷീർ പറഞ്ഞു. ഈയിടെ ഇടുക്കി അടക്കം പല സ്ഥലങ്ങളിലും മഞ്ഞ മഴ പെയ്തിരുന്നു.
Post Your Comments