കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരുടെ നിയമനത്തിനായുള്ള അഭിമുഖം നാളെ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ ഒരുക്കാൻ എട്ട് പേരെ കൂടി ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നല്‍കിയിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടക്കുകയും, നിരവധി അന്തേവാസികൾ ചാടിപ്പോവുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 470 അന്തേവാസികള്‍ക്കായി 4 സുരക്ഷാ ജീവനക്കാരാണ് നിലവിലുള്ളത്. ഈ സാഹചര്യം തുടരാൻ കഴിയില്ലെന്നും, സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഉടന്‍ തന്നെ 8 സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഒരാഴ്ചക്കിടെ മൂന്ന് പേർ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയിരുന്നു. ഇവരിൽ രണ്ട് പേരെ കണ്ടെത്തി കഴിഞ്ഞു. കുളിമുറിയുടെ വെന്‍റിലേറ്റർ പൊളിച്ച് ചാടിപ്പോയ, ഏഴാം വാർഡില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന 21 കാരനായ യുവാവിനെ ഷൊർണൂരില്‍ വെച്ച് പൊലീസ് കണ്ടെത്തി, രാത്രിയോടെ തിരിച്ച് എത്തിച്ചിരുന്നു.
Post Your Comments