മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ നവാബ് മാലിക്കിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാലികിനെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കായി നവാബ് മാലികിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി താന്‍ പൊരുതി ജയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമിയിടപാട് -കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ദാവൂദിന്റെ സഹോദരന്‍ അനീസ്, ഇഖ്ബാല്‍, സഹായി ഛോട്ടാ ഷക്കീല്‍ തുടങ്ങിയവര്‍ക്കെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഇഡിക്ക് മുമ്പാകെ ഹാജരാകാന്‍ നവാബ് മാലിക്കിന് മുമ്പ് സമന്‍സ് അയച്ചതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കായി കഴിഞ്ഞയാഴ്ച ഇഡി മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ദാവൂദിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി അടുത്തിടെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ് നടത്തിയത്.
Post Your Comments